നെയ്യാറ്റിൻകര: ഡിവൈഎസ്‌പി റോഡിലേക്ക് തളളിയിടവേ കാറിടിച്ച് മരിച്ച സനലിന്റെ മൃതദേഹം റോഡിൽവച്ച് നാട്ടുകാരുടെ പ്രതിഷേധം. നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. ഒളിവിൽ പോയ ഡിവൈഎസ്‌പി ബി.ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുളള തർക്കത്തിന് പിന്നാലെയാണ് യുവാവിനെ ഡിവൈഎഎസ്‌പി റോഡിലേക്ക് തളളിയിട്ടത്. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഹരികുമാറാണ്, നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനലി(32) നെ തളളിയിട്ടത്.

ഇന്നലെ രാത്രി 11നായിരുന്നു സംഭവം. ഡിവൈഎസ്‌പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നിൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കാർ പാർക്കു ചെയ്‌ത ശേഷമാണ് ഡിവൈഎസ്‌പി പോയത്.

കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈഎസ്‌പിയും സമീപവാസിയായ സനലും തമ്മിൽ ഇതു സംബന്ധിച്ച് വാക്ക് തർക്കമുണ്ടായി. മഫ്‌തിയിലായതിനാൽ ഡിവൈഎസ്‌പിയെ തിരിച്ചറിയാൻ സനലിന് കഴിഞ്ഞില്ല. തർക്കത്തിനിടെ ഡിവൈഎസ്‌പി ഹരികുമാർ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.