തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട്. വാർത്ത പ്രചരിച്ചതിനെ തുടർന്ന് പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

“വെന്റിലേറ്റര്‍ ഒഴിവുണ്ട് എന്ന തരത്തില്‍ പോലീസിനോ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ മെഡിക്കല്‍ കോളേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും” സൂപ്രണ്ട് വ്യക്തമാക്കി.

“മെഡിക്കല്‍ കേളേജിലെ വിവിധ ഐ.സി.യു.കളില്‍ വിവിധ രോഗികള്‍ക്ക് ഉടന്‍ ഉപയോഗിക്കുന്ന സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടിൽ പരാമർശിച്ചിരിക്കുന്നത്. ദൈര്‍ഘ്യമേറിയ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ അത്തരം രോഗികള്‍ക്കായി വെന്റിലേറ്റര്‍ ഒഴിച്ചു വയ്ക്കുന്നു. ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കും ശ്വാസതടസം ഉണ്ടാകാം. ഇത്തരം രോഗികള്‍ക്കായ് ഒരു വെന്റിലേറ്റര്‍ സ്റ്റാന്‍ഡ് ബൈയായി വയ്ക്കാറുണ്ട്.” സൂപ്രണ്ട് വ്യക്തമാക്കി.

“ന്യൂറോ സര്‍ജറി കഴിഞ്ഞ എല്ലാ രോഗികള്‍ക്കും വെന്റിലേറ്റര്‍ ആവശ്യമുണ്ട്. വെന്റിലേറ്ററില്‍ നിന്നും മാറ്റിയ രോഗിയായിരുന്നാലും അവര്‍ക്ക് ടിപീസ് ഘടിപ്പിച്ചിരിക്കുകയും വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈയായി സൂക്ഷിക്കാറുമുണ്ട്. വീണ്ടും രക്ത സ്രാവമോ, രക്തം കട്ട പിടിയ്ക്കുകയോ ചെയ്താല്‍ വീണ്ടും വെന്റിലേറ്റര്‍ ഘടിപ്പിക്കും. മാത്രവുമല്ല ഇത്തരം വെന്റിലേറ്ററുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ കേടാകാന്‍ സാധ്യത കൂടുതലാണ്. ഈയൊരു അപകട സാധ്യത മുന്നില്‍ കണ്ടും ഒരു സ്റ്റാന്റ് ബൈ വെന്റിലേറ്റര്‍ സൂക്ഷിക്കാറുണ്ട്. വെന്റിലേറ്റര്‍ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഇങ്ങനെ സ്റ്റാന്റ് ബൈ വെന്റിലേറ്ററുകള്‍ സൂക്ഷിക്കാറുണ്ട്.”

“ഒരു രോഗിയെ പെട്ടെന്ന് വെന്റിലേറ്ററിലാക്കുന്നതു പോലെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല. ആ രോഗിയെ വെന്റിലേറ്ററില്‍ നിന്നും ഘട്ടം ഘട്ടമായി മാറ്റിയ ശേഷം ആ വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈയാക്കുന്നു. പൂര്‍ണമായും ആ രോഗി സ്വതന്ത്രമായി ശ്വസിക്കുമ്പോഴാണ് ആ വെന്റിലേറ്റര്‍ സ്വതന്ത്രമാകുന്നത്. ഇത്തരത്തിലുള്ള സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെ ഒഴിവുണ്ടായിരുന്നു എന്ന തരത്തില്‍ വ്യാഖ്യാനം നല്‍കരുതെന്നും” സൂപ്രണ്ട് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.