തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആംബുലൻസിൽ നിന്ന് വൃക്കയുമായി ഓടിയ യുവാവ്. വൃക്കയുമായി ആംബുലൻസ് എത്തിയപ്പോൾ ആ പെട്ടിയെടുക്കാൻ ആരും തന്നെ ഉണ്ടായില്ലെന്നും എത്രയും വേഗം അത് മുകളിലെത്തിക്കാനായാണ് ഓടിയതെന്നും ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശമെന്നും പെട്ടിയുമായി ഓടിയ അരുൺദേവ് പറഞ്ഞു.
“സർജറി വൈകിയതിനാൽ എറണാകുളത്ത് നിന്ന് വൈകിയാണ് ആംബുലൻസ് എത്തിയത്. താഴെ സ്റ്റാഫുകൾ ആരും ഉണ്ടായിരുന്നില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ക്ഷീണിതരായിരുന്നു. വേഗം വൃക്ക മുകളിൽ എത്തിക്കാനായാണ് അതുമായിട്ട് ഓടിയത്.” അരുൺദേവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അനുവാദമില്ലാതെ ഇവർ വൃക്കയുള്ള പെട്ടിയുമായി മുകളിലേക്ക് ഓടിയെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് അരുൺദേവിന്റെ പ്രതികരണം. ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുമ്പോൾ ഒരു ഡോക്ടർ തങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം തടയുകയോ ഒന്നും ചെയ്തിരുന്നില്ലെന്നും അരുൺ ദേവ് പറഞ്ഞു.
സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം വിഷമിച്ചെന്ന് അരുൺ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടെന്നും ഇത്തരം എമർജൻസി സാഹചര്യങ്ങളിൽ ആംബുലൻസ് ഡ്രൈവർമാരെ കോർഡിനേറ്റ് ചെയ്യുന്ന അരുൺ പറഞ്ഞു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ അവയവവുമായി എത്തുമ്പോൾ താഴെ ഒരു ഡ്യൂട്ടി ഡോകട്ർ ഇത് സ്വീകരിക്കാൻ വേണ്ടതാണ് ഇവിടെ സെക്യൂരിറ്റി പോലും ഇങ്ങനെ ഒരു കാര്യം നടക്കുന്നതായി അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു എന്നും അരുൺ പറഞ്ഞു.
അതേസമയം, രോഗി മരിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് രാവിലെ പറഞ്ഞു. സംഭവത്തിൽ ഡോക്ടർമാർക്ക് അല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്നും ആരോഗ്യമന്ത്രി ചോദിച്ചു. സസ്പെൻഷൻ ഒരു ശിക്ഷ നടപടിയല്ലെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന മന്ത്രി പറഞ്ഞു.
ഡോക്ടർമാർ ഇറങ്ങുംമുൻപ് വൃക്കയുമായി പുറത്തുനിന്നുള്ള രണ്ടുപേർ ഓടിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ ഉൾപ്പെടെ ദുരൂഹതയുണ്ട്. ഇതിൽ ഉൾപ്പടെ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
‘സര്‍ക്കാര്‍ ആശുപത്രികളില്‍, മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്ന ഓരോ വ്യക്തിയുടെയും ജീവന് പ്രധാനപ്പെട്ടതാണ്. അതില്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് ഉത്തരവാദിത്തം. വിദ്യാര്‍ഥികള്‍ക്കോ? കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ചിലരീതികളുണ്ട്. അതുമായി മുന്നോട്ടുപോകാന്‍ ഒരു കാരണവശാലും സര്‍ക്കാര്‍ അനുവദിക്കില്ല. സമഗ്രമായ അന്വേഷണം നടത്തുകയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ശക്തമായി തന്നെ മുന്നോട്ടുപോകും. പ്രാഥമികമായിട്ടുള്ള വിവരം ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന സസ്പെന്ഷന് ഒരു ശിക്ഷാനടപടിയല്ല’ മന്ത്രി വീണ ജോർജ് പറഞ്ഞു.
Also Read: ശസ്ത്രക്രിയ വൈകി വൃക്കരോഗി മരിച്ച സംഭവം: രണ്ടു വകുപ്പ് മേധാവികൾക്ക് സസ്പെൻഷൻ