തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാലൊടിഞ്ഞ് ചികിൽസയിൽ കഴിയുന്ന വൃദ്ധനോട് അറ്റൻഡറുടെ ക്രൂരത. കാലൊടിഞ്ഞതിനെ തുടർന്ന് കമ്പിയിട്ടു കിടക്കുന്ന വൃദ്ധന്റെ കൈവിരലുകൾ അറ്റൻഡർ പിടിച്ചു ഞെരിച്ചു. രോഗിയായ വൃദ്ധനോട് അറ്റൻഡർ കാട്ടിയ ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം. അപകടത്തിൽ കാലൊടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുകയായിരുന്നു വിളക്കുപാറ സ്വദേശിയായ വാസു. ആ വാർഡിലെ നഴ്സിങ് അസിസ്റ്റന്റ് സുനിൽ കുമാര്‍ ആണ് വാസുവിനോട് ക്രൂരമായി പെരുമാറിയത്. വാസുവിന്റെ കൈവിരലുകൾ അറ്റൻഡർ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൈവിരലുകൾ ഞെരിക്കുമ്പോൾ വേദന കൊണ്ട് വൃദ്ധൻ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

ഈ സമയത്ത് അവിടെയുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി. ഇതിനുപിന്നാലെ നഴ്സിങ് അസിസ്റ്റന്റ് സുനിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്‌പെൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ