തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയെന്നും മന്ത്രി പറഞ്ഞു.

“കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്. കേന്ദ്രസഹമന്ത്രിയും തള്ളിപ്പറഞ്ഞു. പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍മതിയെന്നും കടകംപള്ളി പരിഹസിച്ചു. ജനം ഇതൊന്നും വിശ്വസിക്കില്ല,” എന്നു പറഞ്ഞ കടകംപള്ളി ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയാണെന്നും വിമർശിച്ചു.

Read More: കേസ് ഒഴിവാക്കാൻ സഹായം തേടി; അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്‌ന സുരേഷ്

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതികള്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പരോക്ഷ നിര്‍ദ്ദേശം നല്‍കുന്നുവെന്ന സംശയം ശക്തിപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് പറയാന്‍ ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാര്‍ സ്വപ്‌നയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നുള്ള പ്രതികളുടെ മൊഴി പുറത്തുവന്നിരുന്നു. കേസില്‍ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചത് വി മുരളീധരനാണെന്നായിരുന്നു സിപിഎം പ്രസ്താവനയില്‍ പറഞ്ഞത്.

Read More: അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ ബിജെപിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് സിപിഎം

രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും സിപിഎം പറഞ്ഞിരുന്നു.

“കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി.മുരളീധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയാറാകത്തതും ശ്രദ്ധേയം. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകര്‍പ്പ്.”

Read More: ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല, ‘ജനം ടിവി’യിൽ നിന്നു മാറിനിൽക്കുന്നു: അനിൽ നമ്പ്യാർ

അതേസമയം, സ്വര്‍ണക്കള്ള കടത്ത് വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.