കൊച്ചി : ഡബിൾ ഡെക്കർ ട്രെയിനോ അമ്പരക്കേണ്ട. അങ്ങിനെയൊന്ന് കേരളത്തിലും ലഭിക്കാനുളള അനുമതി കാത്ത് കിടക്കുകയാണ് തിരുവനന്തപുരം ഡിവിഷൻ. തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ ഡബിൾ ഡെക്കർ ട്രെയിൻ ഓടിക്കുന്നതിനുള്ള പഠനങ്ങൾ പൂർത്തിയായതായി ഉന്നത റയിൽവേ ഉദ്യോഗസ്ഥർ ഐഇ മലയാളത്തോട് പറഞ്ഞു.

“ഇങ്ങിനെയൊരു തീവണ്ടി സർവ്വീസ് ആരംഭിക്കുന്നത് റയിൽവേയുടെ പരിഗണനയിലാണ്. നിലവിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ദക്ഷിണ റയിൽവേ റൂട്ടുകളിലൊന്നാണ് തിരുവനന്തപുരം-ചെന്നൈ. ഈ റൂട്ടിൽ ഉയർന്ന ക്ലാസ് ടിക്കറ്റുകൾ ആവശ്യപ്പെടുന്ന യാത്രക്കാരും ഏറെയാണ്. പുതിയ സർവ്വീസിനുള്ള പഠനങ്ങൾ പൂർത്തിയായി. ഇത് റയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിചിരിക്കുകയാണ്” തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ.ടി.സുധീഷ്‌കുമാർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ, ആലപ്പുഴ , എറണാകുളം ജംഗ്ഷൻ, പാലക്കാട് വഴിയാണ് ചെന്നൈയിലേക്ക് പോവുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിലായിരിക്കും കേരളത്തിൽ ഈ ട്രെയിനിന് സ്റ്റോപ്പുകൾ നൽകുക. റയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങൾക്കിടയിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ നടത്താനാകും.

ഇതുവരെ കേരളത്തിൽ ആരംഭിച്ചിട്ടില്ലാത്ത സർവ്വീസ് ആയതിനാൽ, ഇത് കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്ന കണക്കുകൂട്ടൽ റയിൽവേക്കുണ്ട്. ഇപ്പോൾ ഈ റൂട്ടിലുള്ള ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് ഈ സർവ്വീസിനുള്ള അനുമതി തേടിയിരിക്കുന്നത്.

സമയക്രമം നിശ്ചയിക്കുന്നതിലുള്ള പ്രയാസം മൂലമാണ് ഇക്കാര്യത്തിൽ തീരുമാനം വൈകുന്നതെന്നാണ് റയിൽവേ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ശനി, ഞായർ ദിവസങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നത് മാത്രമാകും ലാഭകരമെന്ന് പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

പൂർണമായി ശീതീകരിച്ച ട്രെയിനിൽ 1200 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. നിലവിൽ ഇന്ത്യയിലെ പത്ത് റൂട്ടുകളിലാണ്  ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നടത്തുന്നത്. തിരുവനന്തപുരം – ചെന്നൈ റൂട്ടിൽ ദിവസേന നാല് സർവ്വീസുകളാണ് നിലവിൽ ഉള്ളത്. ഇതിനോടൊപ്പം തിങ്കൾ, വ്യാഴം ദിവസങ്ങളിലും തീവണ്ടി സർവ്വീസുണ്ട്.

എല്ലാ തീവണ്ടികളിലും ഉയർന്ന ക്ലാസുകളിൽ സീറ്റുകളേക്കാൾ കൂടുതൽ ബുക്കിംഗ് വരുന്നുണ്ട്. ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം-നാഗർകോവിൽ-തിരുച്ചിറപ്പള്ളി വഴി ചെന്നൈക്ക് പോകുന്ന വണ്ടി രാത്രി 9 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 9 മണിയോടെയാണ് ചെന്നൈ എഗ്മൂറിൽ എത്തുന്നത്.

ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ചെന്നൈ മെയിൽ, 4.10 ന് പുറപ്പെടുന്ന അനന്തപുരി എക്സ്‌പ്രസ്, 5.15 ന് പുറപ്പെടുന്ന തിരുവനന്തപുരം – ചെന്നൈ എക്സ്‌പ്രസ് എന്നിവ രാവിലെ 7.30 നും 10 മണിക്കും ഇടയിൽ ചെന്നൈയിൽ എത്തിച്ചേരുന്നവയാണ്. ഈ ട്രയിനുകളേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതാവും ഡബിൾ ഡെക്കർ ട്രയിൻ. ദീർഷദൂര തീവണ്ടികളായ ഷാലിമാർ, എക്സ്‌പ്രസും കോർബ എക്സ്‌പ്രസും കേരളവും ചെന്നൈയും തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ