തിരുവനന്തപുരം: കോർപറേഷനിലെ നിയമനത്തിന് പാർട്ടി ലിസ്റ്റ് ചോദിച്ച് മേയർ പാർട്ടിക്ക് നൽകിയതായി പ്രചരിച്ച കത്ത് വ്യാജമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണം പൂർത്തിയായതിൽനിന്നാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിൽ എത്തിച്ചേർന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ അന്വേഷണത്തിനും കേസെടുത്ത് അന്വേഷണം നടത്താനും ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് ക്രൈംബ്രാഞ്ച് എസ്.പി റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസം കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. കത്തു വിവാദത്തില്‍ വലിയ പ്രതിഷേധത്തിതിനിടെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മേയറുടെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലിന്റെയും കത്തുകള്‍ക്കു പിന്നില്‍ അഴിമതിയുണ്ടോ എന്നു പ്രാഥമികമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്.
ആനാവൂര്‍ നാഗപ്പന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. താന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് ആനാവൂര്‍ പറയുമ്പോൾ മോഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്നും മുന്‍പ് തയ്യാറാക്കിയ ഒരു രേഖയില്‍ നിന്ന് ഒപ്പ് ഫോട്ടോകോപ്പിയായി ഉപയോഗിച്ചുവെന്നുമാണ് മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.കത്ത് താനോ ഓഫിസോ തയാറാക്കിയെന്ന് പറയുന്ന ദിവസം താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും ആര്യ രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.
താൽക്കാലിക നിയമനങ്ങളിലേക്കു പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു കത്തയച്ചെന്നാണു മേയർ ആര്യ രാജേന്ദ്രനെതിരെ ഉയർന്ന ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലുള്ള കത്തിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലെ 295 പേരുടെ കരാർ നിയമനത്തിനാണ് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത്.