തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് തിരുവനന്തപുരം കോർപറേഷൻ അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്. കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തിൽ നിയമനത്തിന് കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
മാനേജർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനർ എന്നീ ഒഴിവുകളിലേക്കായിരുന്നു നിയമനം. മാനേജരുടെ ഒഴിവിലേക്കു ശമ്പളം 20,000 രൂപയും, കെയർ ടേക്കർക്കും സെക്യൂരിറ്റിക്കും 17,000 രൂപയും, ക്ലീനർക്ക് 12,500 രൂപയുമാണ് ശമ്പളം.
നേരത്തെ, നഗരസഭയിൽ നിയമനത്തിന് പാർട്ടിയുടെ മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിലായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തയച്ചിരുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലെ 295 പേരുടെ കരാർ നിയമനത്തിനാണ് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത്.
കോർപറേഷനിലെ താത്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ അയച്ച കത്ത് ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദമുണ്ടായത്. നഗരസഭയിലെ വിവിധ തസ്തികകളില്‍ പാര്‍ട്ടിക്കാരെ സിപിഎം തിരുകി കയറ്റുന്നുവെന്ന ആരോപണം കാലങ്ങളായി ഉന്നയിക്കപ്പെടുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതായിരുന്നു പുറത്തുവന്ന കത്ത്.