കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 15 ലേക്ക് മാറ്റി.

വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ വിമാനത്താവള കൈമാറ്റത്തിനുള്ള തുടർനടപടികൾ ഇനി വൈകും.

വിമാനത്താവള കൈമാറ്റത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതിയോട് പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹർജിയിൽ തീരുമാനമെടുക്കും മുൻപ് വിമാനത്താവളം കൈമാറുകയായിരുന്നു. ഇതേത്തുടർന്നാണ് സക്കാർ കോടതിയെ സമീപിച്ചത്.

Read More: തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അഭ്യർത്ഥന കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി

അമ്പത് വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നൽകുന്നത്. തിരുവനന്തപുരം വിമാനത്താവളസ്വകാര്യവല്‍കരണ വിഷയത്തില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് എസ്.പൂരിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എളമരം കരീമാണ് നോട്ടീസ് നല്‍കിയത്.

വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് കഴിഞ്ഞദിവസത്തെ സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ ബിജെപിയൊഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തിരുന്നു.

അതേസമയം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുന്നതിനെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയേയും വ്യോമയാന മന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനുഭവപരിജ്ഞാനമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.