/indian-express-malayalam/media/media_files/uploads/2017/11/The-house-near-Kochi-where-the-yoga-centre-ran.-Express-photo-Vishnu-Varma.jpg)
ഇതര മതവിവാഹങ്ങൾ കോടതി കയറുകയാണ് കേരളത്തിൽ. ഹിന്ദുക്കളല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്ത സ്ത്രീകളെ ബലം പ്രയോഗിച്ച് ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ തൃപ്പൂണിത്തുറയ്ക്ക് സമീപത്തെ കണ്ടനാടെ യോഗാ കേന്ദ്രം പ്രതിക്കൂട്ടിലാകുന്നു.
"ഞങ്ങൾ ദീർഘയാത്രയ്ക്ക് കാറിൽ പോകുമ്പോഴൊന്നും ശ്വേത ഉറങ്ങില്ല, പക്ഷേ അന്നത്തെ ദിവസത്തെക്കുറിച്ച് ശ്വേത എന്നോട് പറഞ്ഞത് രണ്ട് മണിക്കൂറോളം നന്നായി ഉറങ്ങിപ്പോയി എന്നാണ്. അതെന്നിൽ സംശയമുളവാക്കി" റിന്റോ ഐസക്ക് (29) അദ്ദേഹത്തിന്‍റെ ഭാര്യ ശ്വേത ഹരിദാസന്‍ കടന്നുപോയ ആ ദിവസത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്.
"ജൂലൈ 30ന് കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ അകലെ കണ്ടനാടുളള ശിവശക്തി യോഗാ കേന്ദ്രത്തിലേയ്ക്ക് കയറിയതിന് ശേഷമാണ് സഹോദരി എന്നെ ഉണർത്തിയത്. എന്‍റെ സഹോദരി നീതയ്ക്ക് വേണ്ടിയാണ് സെന്ററിലേയ്ക്ക് പോകുന്നതെന്നാണ് ഞാൻ വിശ്വസിച്ചത്. കുടുംബം എന്നോട് പറഞ്ഞത് നീതയ്ക്ക് യോഗ പഠിക്കണമെന്നായിരുന്നു" ഇരുപത്തിയെട്ടുകാരിയായ ശ്വേത പറയുന്നു. ആയുർവ്വേദ ഡോക്ടറാണ് ശ്വേത.
"വലിയ ഇരുനിലകെട്ടിടത്തിലാണ് അവിടെത്തെ ജീവനക്കാരിലൊരാളായ സുജിത്തിനെ കാണുന്നത്. അടുത്ത ഒരു മണിക്കൂറിനിടയിൽ യോഗയെക്കുറിച്ച് വളരെ കുറച്ച് മാത്രമേ സംസാരിച്ചുളളൂ. പകരം മതത്തെ കുറിച്ചും വ്യത്യസ്ത മതവിഭാഗങ്ങളിലുളളവർ തമ്മിലുളള വിവാഹത്തെ കുറിച്ചുമാണ് സുജിത് സംസാരിച്ചത്. ഞാൻ സഹോദരിയെ നോക്കി, അവൾ പുഞ്ചിരിച്ചു. എല്ലാം ആസൂത്രണം ചെയ്തിരുന്നു" ശ്വേത ഓര്‍ക്കുന്നു.
അടുത്ത 20 ദിവസം തന്നെ തടങ്കലിലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു യോഗാ കേന്ദ്രത്തിലെ ജീവനക്കാരെന്ന് ശ്വേത വെളിപ്പെടുത്തി. അവരുടെ ആവശ്യം റിന്റോ എന്ന ക്രിസ്ത്യൻ മതത്തിൽ പെട്ട പുരുഷ സുഹൃത്തുമായി ശ്വേത പിരിയണമെന്നതായിരുന്നു. സെപ്തംബർ അവസാനത്തോടെയാണ് യോഗാ സെന്ററിനെതിരെ പരാതി നൽകാൻ ഈ യുവ ഡോക്ടർ തീരുമാനിച്ചത്.
ഇതിന് ശേഷം യോഗാ കേന്ദ്രത്തിൽ നിന്നും സമാനരീതിയിലുളള പീഡനങ്ങൾ നേരിട്ടതായി ആരോപിച്ച് കൊണ്ട് നാല് സ്ത്രീകൾ കൂടി രംഗത്തെത്തി. ഹിന്ദുക്കളല്ലാത്ത ഭർത്താക്കന്മാരായവരെയും പ്രണയിക്കുന്നവരെയും ഉപേക്ഷിക്കണമെന്നും പകരം ഹിന്ദുക്കളായ പുരുഷന്മാരെ വിവാഹം ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് അവർക്കു നേരെയും ഇവിടെ പീഡനം നടന്നത് എന്നായിരുന്നു പരാതി.
ശ്വേതയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും യോഗാ കേന്ദ്രം അടച്ചു പൂട്ടുകയും ചെയ്തു. യോഗാ കേന്ദ്രത്തിന്‍റെ മേധാവി കെ.ആർ.മനോജ് ഒളിവിൽ പോവുകയും ശേഷം മുൻകൂർ ജാമ്യം തേടുകയും ചെയ്തു. ഈ കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിൽ വന്നതിനെത്തുടർന്ന് എല്ലാ നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങളും, പുനർ മത പരിവര്‍ത്തനം നടത്തുന്നതുമായ എല്ലാ കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ കണ്ടനാട് യോഗാ കേന്ദ്രം മാത്രമാണ് ഇതുവരെ അടച്ചു പൂട്ടിയത്. ശ്വേതയെയും ശ്രുതിയെയും ഇതര മതത്തിൽപ്പെട്ട അവരുടെ ഭർത്താക്കന്മാർക്കൊപ്പം പോകാൻ കോടതി അനുവദിച്ചു.
കണ്ടനാട്ടിലെ ആ മഞ്ഞ നിറമുള്ള രണ്ടു നില കെട്ടിടത്തിന്‍റെ കാഴ്ച, മുറ്റത്തെ വാഴക്കൂട്ടങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. ഗേറ്റിൽ നിന്നുമുളള വഴിയില്‍ ഉണങ്ങിയ ഇലകളും പുല്ലുകളും നിറഞ്ഞു കിടന്നു. ആർഷ വിദ്യാ സമാജം രണ്ടു വർഷം 'ശിവശക്തി യോഗാ കേന്ദ്രം' നടത്തിയിരുന്ന കെട്ടിടമാണിത്. യോഗാകേന്ദ്രത്തെ കുറിച്ച് ആദ്യം ലഭിക്കുന്ന പരാതി ശ്വേതയുടേതാണെന്ന് പൊലിസ് പറഞ്ഞു.
യോഗകേന്ദ്രം സ്ഥിതിചെയ്തിരുന്ന വീട്ടിലേയ്ക്കുളള വഴിആത്മീയത, യോഗ, മതം എന്നിവ പഠിപ്പിക്കുന്നതിനായി ആർഷ വിദ്യാ സമാജം 2008-09 ലാണ് റജിസ്റ്റർ ചെയ്തത്. കെ.ആർ.മനോജ് ഒരു മലയാള പത്രത്തിന്‍റെ പ്രാദേശിക ലേഖകനായി ജോലി ചെയ്തിരുന്നു. പിന്നീട്, യോഗ, ക്ഷേത്രങ്ങൾ, മതം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന 'വിജ്ഞാനഭാരതി' എന്ന മാസികയിൽ ജോലി ചെയ്തുവെന്നും പറയുന്നു.
"സംഭാവനകൾ സ്വീകരിച്ചാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി സമാജം പ്രവർത്തിക്കുന്നത്. യോഗ ക്ലാസുകൾ, സനാതന ധർമ്മം, മതങ്ങളുടെ താരതമ്യവും ആത്മീയതയും എന്നിവയോക്കെയാണ് ഇവിടെ പഠിപ്പിക്കുന്ന" തെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച സമാജത്തിന്‍റെ ഔദ്യോഗിക ഭാരവാഹി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
അവരുടെ പുതിയ കേന്ദ്രം തിരുവനന്തപുരത്ത് എസ്.ആതിര ഉദ്ഘാടനം ചെയ്തു. ആദ്യം ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ഹിന്ദു മതത്തിലേക്ക് പുനർ മത പരിവർത്തനം നടത്തുകയും ചെയ്ത ആളാണ് ആതിര. ഈ സമാജത്തിന്‍റെ ജീവനക്കാരുടെ സഹായത്തോടെയാണ് ആതിര തിരികെ ഹിന്ദു മതത്തിലേയ്ക്ക് മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
സമാജത്തിന്‍റെ പുതിയ കേന്ദ്രം തിരുവനന്തപുരത്ത് പുനർ മത പരിവർത്തനം നടത്തിയ എസ്.ആതിര ഉദ്ഘാടനം ചെയ്യുന്നു."ഈ പരാതികളെല്ലാം ഒരേ അച്ചിൽ വാർത്തെടുത്താണ്. ഇക്കാലത്ത് ആർക്കെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ സാധിക്കുമോ? പ്രണയവിവാഹങ്ങൾക്ക് ഞങ്ങൾ എതിരല്ല. എന്നാൽ കുട്ടികൾ അവരുടെ രക്ഷിതാക്കളെ അസ്വസ്ഥരാക്കരുത്. നിരവധി രക്ഷിതാക്കളുടെ കണ്ണീർ ഞങ്ങൾ കണ്ടിട്ടുണ്ട്", സമാജത്തിന്‍റെ ഭാരവാഹി ചോദിക്കുന്നു.
ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ഇ-മെയിലിന് നല്‍കിയ മറുപടിയിൽ സമാജത്തിനെതിരായ ആരോപണങ്ങൾ സ്ഥാപനത്തെ ഇല്ലാതാക്കാനുളള "ഗീബൽസിയൻ നുണകൾ" മാത്രമാണെന്ന് പറയുന്നു. പരാതി നൽകിയ സ്ത്രീകൾ അവിടെ അന്തേവാസികളായിരുന്നുവെന്ന് അവർ സമ്മതിക്കുന്നുണ്ട്. എന്നാൽ പീഡനവും ശാരീരിക ഉപദ്രവും തെറ്റായ ആരോപണങ്ങളാണെന്ന് അവർ അവകാശപ്പെടുന്നു.
"മതം മാറ്റത്തിൽ ഉൾപ്പെടുന്നവർ അടുത്തിടെയാണ് സത്യം മനസ്സിലാക്കുന്നത്, ആർഷ വിദ്യാ സമാജം താൽപര്യമുളള ആയിരത്തോളം പേരെ സനാതന ധർമ്മത്തിലേക്ക് സംവാദങ്ങളിലൂടെ കൊണ്ടുവന്നിട്ടണ്ട്." എന്ന് ഇ-മെയിലിൽ പറയുന്നു. വി.കെ.ആതിര എന്ന ചെർപ്പുളളശേരി സ്വദേശിയായ എസ്.ആതിര ഇസ്‌ലാമിൽ നിന്നും തിരികെ ഹിന്ദുമതത്തിലേയ്ക്ക് മാറിയത് ഇത്തരം സംവാദത്തിലൂടെയാണെന്നും പറയുന്നു.
"അവിടെ അപ്പോൾ ഏകദേശം 27 പേരുണ്ടായിരുന്നു. കൂടുതലും സ്ത്രീകളാണ്. കിടക്കകൾ ഒരു മൂലയിൽ കൂട്ടിവച്ചിരുന്നു. ആരെങ്കിലും പീഡനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ചില സ്ത്രീകൾ മറുപടി പറഞ്ഞു, കുറച്ചു പെൺകുട്ടികൾ കരയുകയായിരുന്നു." ശ്വേതയുടെ പരാതിയെ തുടർന്ന് കണ്ടനാടുളള യോഗകേന്ദ്രത്തിൽ ആദ്യമെത്തിയ വാർഡിലെ പഞ്ചായത്ത് അംഗമായ ശ്രീജ ബാബു വെളിപ്പെടുത്തുന്നു.
"ഇവിടെയുണ്ടായിരുന്ന പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചു? അവർ അവരുടെ രക്ഷിതാക്കൾക്കൊപ്പം തിരികെ പോയോ? അതോ മറ്റേതെങ്കിലും കേന്ദ്രത്തിലേയ്ക്ക് അവരെ മാറ്റിപ്പാർപ്പിച്ചോ? അതിലേയ്ക്ക് ഗൗരവതരമായ അന്വേഷണം ആവശ്യമാണ്".
പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം "തിരിച്ചയച്ചു" എന്നു മാത്രമാണ് പൊലീസ് പറയുന്നത്. ഇതേസമയം സ്ത്രീകൾ ഇവിടം വിടാൻ ആഗ്രഹിക്കുന്നില്ല എന്നതില്‍ സമാജം ഉറച്ചു നിൽക്കുന്നു.
കണ്ണൂർ പയ്യന്നൂരിലെ ഹിന്ദു നായർ കുടുംബത്തിൽപ്പെട്ട ശ്വേത ഫൊട്ടോഗ്രാഫറായ റിന്റോയെ പരിചയപ്പെടുന്നത് 2013 ൽ തൃശൂരിൽ ജോലി ചെയ്യുമ്പോഴാണ്. 2015ലാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. "റിന്റോയെ വിവാഹം ചെയ്താൽ വിഷം കഴിക്കുമെന്ന് രക്ഷിതാക്കൾ ഭീഷണിപ്പെടുത്തി. ജോലി രാജിവച്ച് വീട്ടിലേയ്ക്ക് മടങ്ങാൻ അവർ നിർബന്ധിച്ചു" ശ്വേത പറയുന്നു.
ശ്വതയും റിന്റോയും ഫോട്ടോ. വിഷ്ണു വര്മശ്വേത റിന്റോയ്ക്കൊപ്പം പോകുമെന്ന് ഭയന്ന രക്ഷിതാക്കളായ റിട്ട. ആർമി ക്യാപ്റ്റൻ ഹരിദാസനും രജ്ഞിനിയും ചേർന്ന് ഹിന്ദുമതത്തിൽപ്പെട്ട ഒരാളുമായി ശ്വേതയുടെ വിവാഹം തീരുമാനിച്ചു. ഒക്ടോബറിൽ നിർബന്ധപൂർവ്വം പഞ്ചായത്ത് ഓഫീസിൽ വച്ച് വിവാഹം റജിസ്റ്റർ ചെയ്തു. പിന്നീട് ശ്വത റിന്റോയ്ക്കൊപ്പം ഒളിച്ചോടിയെത്തി 2016 നവംബർ എട്ടിന് തൃശൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് മാല മാറ്റി വിവാഹിതരായി എന്ന് ശ്വേത പറയുന്നു. നേരത്തെ വീട്ടുകാർ നടത്തിയ വിവാഹം അസാധുവാക്കാതെ ഞങ്ങൾക്ക് സെപ്ഷ്യൽ മാരേജ്‌സ് ആക്ട് പ്രകാരം വിവാഹിതരാകാൻ അന്ന് കഴിയില്ലായിരുന്നു എന്ന് റിന്റോയും പറയുന്നു.
അടുത്ത എട്ട് മാസക്കാലയളവിൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുളള പ്രശ്നങ്ങളൊന്നുമില്ലാതെ തൃശൂരിലെ വാടകവീട്ടിൽ കഴിഞ്ഞു ശ്വേതയും റിന്റോയും. റിന്റോയുടെ കുടുംബത്തിന് ഇക്കാര്യത്തിൽ കാര്യമായ എതിർപ്പോ ആവേശമോ ഒന്നുമുണ്ടായിരുന്നില്ല. " ഞാൻ ഇടയ്ക്കിടെ കണ്ണൂരിലെ വീട്ടിലേയ്ക്ക് പോവുകയും പത്ത് പതിനഞ്ച് ദിവസങ്ങൾ അവിടെ താമസിക്കുകയും ചെയ്യും. റിന്റോ ഇടയ്ക്ക് വരികയും ചെയ്യും. എന്‍റെ രക്ഷിതാക്കൾ റിന്റോയോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്തു. ഞങ്ങൾ കരുതിയത് അവരുടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്നാണ്" ശ്വേതയുടെ വാക്കുകള്‍.
ഈ വർഷം ജൂലൈ അഞ്ചിന് ശ്വേതയുടെ പൂര്‍വ്വ വിവാഹം കണ്ണൂരിലെ കുടുംബ കോടതി അസാധുവാക്കി. ഏതാനും ദിവസങ്ങൾക്കു ശേഷം ശ്വേതയും റിന്റോയും അവരുടെ വിവാഹം റജിസ്റ്റർ ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു ശ്വേതയുടെ സഹോദരി നീതയുടെ പുതിയ വീടിന്‍റെ പാല് കാച്ചൽ ചടങ്ങ്. "മൂവാറ്റുപുഴയിലായിരുന്നു അത്. ആ ചടങ്ങിന് ശേഷം എന്‍റെ രക്ഷിതാക്കളും സഹോദരിയും അവരുടെ ഭർത്താവും കൊച്ചിയിലെ ലുലു മാളിലേയ്ക്കും അവിടെ നിന്നും യോഗ സെന്റലേയ്ക്കും പോകാൻ പദ്ധതിയിട്ടു. തനിക്ക് യോഗ പഠിക്കണമെന്ന് നീത പറഞ്ഞു. അവിടേക്ക് രണ്ടുമണിക്കൂർ ഡ്രൈവുണ്ടായിരുന്നു. ആ സമയം ഞാൻ ഉറങ്ങിപ്പോയി." ശ്വേത ഓര്‍ക്കുന്നു.
ശ്വേതയ്ക്ക് മയങ്ങാനുളള മരുന്ന് നൽകിയിട്ടുണ്ടാകാമെന്ന് റിന്റോ സംശയം പ്രകടിപ്പിക്കുന്നു. യോഗാ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും ഇത് പോലെ മയക്കത്തിലായ അനുഭവത്തിലൂടെയാണ് ഇവിടെയെത്തിയതെന്ന് പറഞ്ഞതായി ശ്വേത ഓർമ്മിക്കുന്നു. തന്‍റെ കുടുംബക്കാർ രണ്ട് മാസത്തോളമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇതെന്ന് ശ്വേത വിശ്വസിക്കുന്നു. "തിരികെ കൊണ്ടുവരാൻ" കഴിഞ്ഞില്ലെങ്കിൽ തിരിച്ചു കൊടുക്കുമെന്ന ഉറപ്പിൽ ശിവശക്തി യോഗ വിദ്യാ കേന്ദ്രത്തിൽ 20,000 രൂപ നൽകി "കൗൺസിലിങ് ക്ലാസ്സിൽ" ശ്വേതയുടെ പേര് ചേർക്കുകയും ചെയ്തിരുന്നുവെന്ന് ശ്വേത പറയുന്നു.
"യോഗ കേന്ദ്രത്തിലെത്തിച്ച ശേഷം തനിക്കൊപ്പം അമ്മ (രഞ്ജിനി) രണ്ട് ദിവസം അവിടെ നിന്നു. മറ്റുളളവർ അന്ന് തന്നെ മടങ്ങി. ഓരോ തവണ തന്നെ മർദ്ദിക്കുമ്പോഴും അമ്മയെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുമായിരുന്നു." ശ്വേത ഓർമ്മിക്കുന്നു.
എന്നാൽ 20 ദിവസവും അവിടെയുണ്ടായിരുന്നുവെന്ന അമ്മയുടെ അവകാശ വാദം യോഗാ കേന്ദ്രത്തിലെ ജീവനക്കാരെ രക്ഷിക്കാൻ വേണ്ടി പറയുന്നതെന്ന് ശ്വേത പറയുന്നു.
"കൗൺസിലിങ് സമയത്ത് മുഴുവൻ മകളോടൊപ്പമാണ് ഉണ്ടായിരുന്നത്. എന്‍റെ മകൾ ആരോപിക്കുന്നത് പോലെയൊന്നും സംഭവിച്ചിട്ടില്ല. ആരോപണത്തിന് പിന്നിൽ വേറെ അജണ്ടയാണ്" രഞ്ജിനി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
റിന്റോയുമായുളള വിവാഹത്തോടുളള എതിർപ്പ് ക്രിസ്ത്യൻ ആയതുകൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തതുകൊണ്ടാണെന്ന് അവർ നേരത്തെ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞിരുന്നു. റിന്റോയുടെ രക്ഷിതാക്കൾ ഇതേക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ചു.
"അവിടെ 50, 60 ആളുകൾ ഉണ്ടായിരുന്നു. ഭൂരിപക്ഷവും സ്ത്രീകളാണ്. ആദ്യ ദിനത്തിൽ അവർ എന്നോട് ചോദിച്ചു " എന്താ തീരുമാനം?" റിന്റോയോടൊപ്പം പോകുമെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ റിന്റോയെ വിളിക്കാൻ തുടങ്ങിയപ്പോൾ അവർ എന്‍റെ ഫോൺ തട്ടിപ്പറിച്ചെടുത്തു. ഒരു സ്ത്രീ എന്നെ അടിച്ചു. അവർ ഉച്ചത്തിൽ പാട്ടു വയ്ക്കുകയും എന്‍റെ കൈകാലുകൾ കെട്ടിയിടുകയും ചെയ്തു. ഞാൻ ശബ്ദമുയർത്തിയപ്പോൾ അവർ വായിൽ തുണികുത്തിക്കയറ്റി", പീഡനത്തിന്‍റെ തുടക്കം നടുക്കത്തോടെ ശ്വേത ഓർത്തെടുത്തു.
"നിലവിൽ മുൻകൂർ ജാമ്യത്തിലുളള കെ.ആർ.മനോജ് തന്നെ അടിച്ചതായി ശ്വേത ആരോപിക്കുന്നു. കുട്ടികളെ റിന്റോ ക്രിസ്ത്യൻ ആയിട്ടാണോ വളർത്തുകയെന്നതിനെകുറിച്ച് കണക്കിലെടുക്കുന്നില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. ഞാൻ ഓടാൻ ശ്രമിച്ചപ്പോൾ അവർ എന്നെ പിടിച്ചുവലിച്ചു. എന്‍റെ വസ്ത്രങ്ങൾ കീറി" ശ്വേത പറഞ്ഞു.
കെ.ആർ.മനോജ്യോഗാ കേന്ദ്രത്തിലെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ നാലരയ്ക്ക് നടക്കുന്ന യോഗ ക്ലാസ്സോടെയാണ്. ഉച്ചത്തിലുളള പ്രാർത്ഥന ചെണ്ടയുടെ അകമ്പടിയോടെയുണ്ടാകും. ഇസ്‌ലാം, ക്രിസ്തുമതങ്ങളെ കുറിച്ചുളള വിദ്വേഷ പ്രസംഗങ്ങളോടെയാണ് ഹിന്ദു മതത്തെ കുറിച്ചുളള ക്ലാസുകൾ നടക്കുന്നതെന്ന് ശ്വേത പറയുന്നു.
"നാൽപത് അന്തേവാസികളുണ്ടായിരുന്നതിൽ ഒരാൾ പോലും യോഗാ കേന്ദ്രത്തിനെതിരെയോ കെ.ആർ.മനോജിനെതിരെയോ പരാതി പറഞ്ഞിട്ടില്ല" എന്ന് സമാജം പ്രസ്താവനയിൽ അവകാശപ്പെട്ടു. പൊലീസും സാമൂഹിക പ്രവർത്തകരും ചോദിച്ചിട്ടും അവരിലൊരാളും തങ്ങളെ തടങ്കലിൽ വയ്ക്കുകയായിരുന്നുവെന്നോ പീഡിപ്പിച്ചുവെന്നോ പറഞ്ഞിട്ടില്ല. പൊലീസ് നിർബന്ധപൂർവ്വം അന്തേവാസികളെ വീടുകളിലേയ്ക്ക് മടക്കി അയക്കുകയാണുണ്ടായത്. അപ്പോൾ അവർ കരയുകയും തിരികെ വരുമെന്ന് പറയുകയും ചെയ്തു," പ്രസ്താവനയിൽ പറയുന്നു.
കണ്ടനാട് കേന്ദ്രത്തിലുളള ദിവസങ്ങളിൽ, ശ്വേതയെ കാണാതെ റിന്റോ പരിഭ്രാന്തനായി പായുകയായിരുന്നു. നിരവധി തവണ ശ്വേതയുടെ വീട്ടിൽ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ ശ്വേതയുടെ അച്ഛനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ശ്വേത ആയുർവേദ ചികിത്സയിലാണെന്നും ഇനി വിളിക്കരുതെന്നും പറഞ്ഞു. ശ്വേതയെ കാണാതായതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് റിന്റോ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നത്.
ഹിന്ദുവിനെ വിവാഹം കഴിക്കാമെന്ന് ശ്വേത യോഗാ കേന്ദ്രത്തിലെ ആളുകളെ വിശ്വസിപ്പിച്ചതിനെ തുടർന്ന് 21 ദിവസങ്ങൾക്കു ശേഷം ഓഗസ്റ്റ് 21 ന് ശ്വേതയെ വിട്ടയച്ചു. അവര്‍ നീതയുടെ വീട്ടിലെത്തി. 22 ദിവസങ്ങൾക്കു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട് റിന്റോയുടെ വീട്ടിലെത്തി. അവിടെ നിന്നും പൊലീസിൽ പരാതി നൽകുകയായിരുന്നു. റിന്റോ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിയിൽ ശ്വേത ഹാജരാവുകയും കോടതി അവര്‍ക്ക് റിന്റോയ്ക്കൊപ്പം പോകാൻ അനുമതി നൽകുകയുമായിരുന്നു.
ശ്വേത പൊലീസിൽ പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ കണ്ണൂരിൽ നിന്നും ശ്രുതി മേലേടത്ത് എന്നൊരു സ്ത്രീയും ഇതേ യോഗാ കേന്ദ്രത്തിനെതിരെ സമാന പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചു. പീഡനം, നിർബന്ധിത തടങ്കൽ, വിവാഹം ചെയ്യിക്കാനുളള സമ്മതം സൃഷ്ടിക്കാനുളള ശ്രമം എന്നിവയായിരുന്നു ശ്രുതിയുടെ പരാതി. അനീസ് ഹമീദുമായുളള തന്‍റെ പ്രണയം തകർക്കാൻ രക്ഷിതാക്കൾ യോഗാ കേന്ദ്രത്തിൽ തുടരാൻ നിർബന്ധിക്കുകയായിരുന്നു ശ്രുതി പറയുന്നു.
Read More:അഖിലയിൽ നിന്നും ഹാദിയയിലേയ്ക്കുളള യാത്ര
വിശ്വ ഹിന്ദു പരിഷത്താണ് 2010ൽ ഹിന്ദു ഹെൽപ്പ് ലൈൻ സ്ഥാപിക്കുന്നത്. മതം മാറുന്നവരെ തിരിച്ച് മാറ്റുന്ന ചർച്ചകളിലാണ് ഈ പേര് ഉയർന്നുകേൾക്കുന്നത്. ഹിന്ദുക്കൾക്ക് മതപരവും നിയമപരവുമായ സഹായം തുടങ്ങാനെന്ന പേരിൽ പ്രവീൺ തൊഗാഡിയയുടെ അടുപ്പക്കാരൻ എന്ന് അറിയപ്പെടുന്ന പ്രതീഷ് വിശ്വനാഥനാണ് ഇത് തുടങ്ങുന്നത്. 2015 ൽ ഡൽഹി കേരളാഹൗസിലെ ബീഫ് വിവാദ പ്രചാരണത്തിന്‍റെ പിന്നിൽ പ്രതീഷ് വിശ്വനാഥാനാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതീഷ് വിശ്വനാഥനായിരുന്നു യോഗാ കേന്ദ്രത്തിനും നിയമസഹായം നൽകിയിരുന്നത്.
ഹിന്ദു ഹെൽപ്പ് ലൈനുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് കൊച്ചിയിലെ വിശ്വഹിന്ദു പരിഷത്ത് ഓഫീസ് പറയുന്നത്. അത് പ്രത്യേക സ്ഥാപനമാണ്. അടുത്തിടെ വിശ്വഹിന്ദു പരിഷത്തിന്രെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വിശ്വനാഥനും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഹിന്ദു ഹെൽപ്പ് ലൈൻ ഈ വർഷമാദ്യം സംഘടിപിച്ച തൊഗാഡിയ പങ്കെടുത്ത പരിപാടിയെ സംസ്ഥാന ഘടകം ബഹിഷ്ക്കരിച്ചിരുന്നു.
ഹിന്ദു ഹെൽപ്പ് ലൈനുമായി യോജിച്ച് പ്രവർത്തനം ആരംഭിച്ച ശേഷമാണ് സമാജത്തിന്‍റെ പ്രവർത്തന രീതി മാറിയതെന്ന് അതുമായി ബന്ധപ്പെട്ട ചിലർ പറഞ്ഞു. 2004 മുതൽ 2014 വരെ സമാജത്തിൽ ജോലി ചെയ്തിരുന്ന കൃഷ്ണകുമാർ എ.വി ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ യോഗാ കേന്ദ്രത്തിൽ യുവതികൾക്ക് നേരെയുണ്ടായ മാനസിക ശാരിരിക പീഡനങ്ങളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
"ഞങ്ങൾ ഇതാരംഭിക്കുമ്പോൾ അവിടെ യോഗ, ആത്മീയ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഹിന്ദു ഹെൽപ്പ് ലൈനുമായി ബന്ധം വളർന്നതോടെ യോഗ പിന്നിലേയ്ക്ക് മാറി. മത കൗൺസിലിങ് ആരംഭിച്ചു. ഞാനത്തരം പ്രവർത്തനങ്ങളുടെ ഭാഗമായില്ല. ഞാൻ സംഭാവനകൾ സമാഹരിക്കുകയും നോട്ടീസ് പതിക്കുകയുമാണ് ചെയ്തത്," കൃഷ്ണകുമാർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
കൃഷ്ണകുമാർ കളളം പറയുകയാണെന്ന് സമാജം പ്രസ്താവനയിൽ ആരോപിക്കുന്നു. രണ്ട് സ്ത്രീകൾ കൃഷ്ണകുമാറിനെതിരെ പീഡന പരാതി പറഞ്ഞതിനെ തുടർന്ന് ഇവിടെ നിന്നും പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നു.
"എൻഐഎ ഉൾപ്പടെ ഏത് ഏജൻസിയെകൊണ്ടുളള അന്വേഷണവും നേരിടാൻ തങ്ങൾ തയ്യാറാണ്. ഞങ്ങൾ ദൈവത്തിലും സത്യത്തിലും നിയമ സംവിധാനത്തിലും വിശ്വസിക്കുന്നു," എന്ന് സമാജത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
തനിക്കെതിരെയുളള കേസ് കെട്ടിച്ചമച്ചതാണെന്ന് കൃഷ്ണകുമാർ പറയുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമാക്കിയത് മനോജാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവരുടെ സ്വാധീനം പൊലീസ് സേനയിലും വിവിധ സർക്കാരിടങ്ങളും ആസകലം വ്യാപിച്ചിരിക്കുകയാണെന്ന് റിന്റോയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ. എ.രാജസിംഹൻ ആരോപിക്കുന്നു.
"എവിടെയാണ് യോഗാ കേന്ദ്രത്തിനെതിരെ ഉറപ്പ് നൽകിയ ഉന്നതതല അന്വേഷണം? ഒരു സബ് ഇൻസ്പെക്ടർ ആണ് അന്വേഷണം നടത്തുന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതു വരെ ചോദ്യം ചെയ്തിട്ടുപോലുമില്ല. അതുകൊണ്ടാണ് ഇതൊരു കപട മതേതര രാജ്യമാണ് എന്ന് പറയുന്നത്", രാജസിംഹം പറഞ്ഞു.
ശ്വേത പരാതി തന്നപ്പോൾ തന്നെ യോഗാ കേന്ദ്രത്തിനെതിരെ എഫ്ഐആർ എടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ആ സ്ഥലം പരിശോധിച്ചിരുന്നു. യോഗാകേന്ദ്രത്തിലെ കൗൺസെലറായിരുന്ന ശ്രീജേഷ് ഏതാനും ദിവസം ജയിലിലായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ യോഗാ കേന്ദ്രങ്ങളുടെ "ബന്ധ"ങ്ങളെ കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ചു.
അനീസ് ഹമീദിനും റിന്റോ ഐസക്കിനും അവരുടെ ഭാര്യമാരെ ജീവിത്തിലേയ്ക്ക് തിരികെ കിട്ടി. എന്നാൽ അവരിലെല്ലാം ഭീതിയുടെ അലകൾ ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്. "അവരെന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് ശ്രുതി ഭയപ്പെടുന്നു. ഞങ്ങളുടെ സ്വകാര്യത നഷ്ടമായി. ഞങ്ങൾ ഒന്നിച്ച് പുറത്തുപോകാൻ പോലും ഭയപ്പെടുന്നു," അനീസ് ഹമീദ് പറയുന്നു. കഴിഞ്ഞ മാസം ഹൈക്കോടതി അനീസ് അഹമ്മദിനും ഭാര്യ ശ്രുതിക്കും ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകിയിരുന്നു.
ശ്രുതിയെ യോഗാ കേന്ദ്രത്തിലേയ്ക്ക് മാറ്റിയ ശേഷം ശ്രുതിയുടെ രക്ഷിതാക്കളെ കാണാനില്ലായിരുന്നു. 55 ദിവസമാണ് ശ്രുതിയെ തേടി അനീസ് അലഞ്ഞത്. അനീസ് ആദ്യം ആളെ കാണാനില്ലാത്തതിന് പരാതിയാണ് നൽകിയത്. പിന്നീട് റിന്റോ ചെയ്തത് പോലെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നും വിവാഹിതരായവരെ സംരക്ഷിക്കാനുളള നിയമം വേണമെന്ന് റിന്റോ പറഞ്ഞു. പൊലീസിൽ നിന്നും സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന മതാതീതമായി വിവാഹം ചെയ്യാൻ അവകാശം നൽകുന്നുണ്ട്. കേരളത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം ചെയ്യുമ്പോൾ മനോജിനെ പോലുളളവരുടെ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ," റിന്റോ ചോദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us