കോഴിക്കോട്: മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മുക്കം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ.ഉസാം ഒഴിവാക്കുകയായിരുന്നു. മുത്തലാഖ് നിയമം നിലവിൽ വന്ന ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇത്. മുസ്‍ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസ്
മുത്തലാഖ് ബിൽ നേരത്തെ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയിരുന്നു. മുത്തലാഖിനെതിരെ സുപ്രീം കോടതി വിധി നിലനിൽക്കെ തന്നെയാണ് കേന്ദ്ര സർക്കാർ മുത്തലാഖ് ബിൽ കൊണ്ടുവന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ എല്ലാം അവഗണിച്ചാണ് ബിൽ ഇരു സഭകളും പാസാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതും പ്രതിക്ക് മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കുന്നതുമാണ് കേന്ദ്ര സർക്കാർ പാസാക്കിയ മുത്തലാഖ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.
Read Also: മുത്തലാഖ് ക്രിമിനൽ കുറ്റം; ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ.
രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 84 അംഗങ്ങളും വോട്ടുചെയ്തിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84-നെതിരെ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബില്‍ പാസാക്കിയത്. ഭരണപക്ഷത്തുള്ള ജെഡിയു, അണ്ണാ ഡിഎംകെ എന്നിവര്‍ മുത്തലാഖ് ബില്ലില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി. എങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
നേരത്തെ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസാക്കിയത്. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്‌ലിം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.