തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്ന് മുതൽ രണ്ട് ജില്ലകളിലും സാധാരണ ലോക്ക്ഡൗൺ തുടരും. തൃശൂർ ജില്ലയിൽ ഇന്ന് കൂടി ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. രോഗ വ്യാപനം രൂക്ഷമായ മലപ്പുറത്ത് വരും ദിവസങ്ങളിലും ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.
അതേസമയം, കേരളത്തിലെ മറ്റു ജില്ലകളിൽ തുടർന്ന് വന്നിരുന്ന ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി. മേയ് 16 വരെയായിരുന്നു ആദ്യം ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ഒരാഴ്ച കൂടി നീട്ടി മേയ് 23 വരെയാക്കിയിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ലോക്ക്ഡൗൺ നീട്ടിയത്.
മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഇന്നലെ 37.14 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടിട്ടുണ്ട്.
Read Also: മരണസംഖ്യ ഇനിയും ഉയരും, വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം: മുഖ്യമന്ത്രി
ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ച ജില്ലകളിൽ ഇനി മുതൽ പഴം, പച്ചക്കറികൾ, മറ്റു ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ബാക്കറികൾ എന്നിവയ്ക്ക് എല്ലാ ദിവസവും തുറക്കാം. തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നടവിട്ട ദിവസങ്ങളിലാണ് ബാങ്കുകൾ പ്രവർത്തിക്കുക. പാൽ, പത്രം മത്സ്യം എന്നിവ രാവിലെ 8 മണിവരെ വിതരണം നടത്താം.