തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ. പി. ജയരാജനെതിരെ പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇരുവർക്കുമെതിരെ കേസില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ കളവാണെന്നും ആയതിനാല്‍ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ ഫർസീൻ മജീദിനെ സംഭവത്തിന് പിന്നാലെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായി 15 ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഫര്‍സീനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയെതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റേയും അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Also Read: വിമാനത്തിലെ പ്രതിഷേധം: വധശ്രമത്തിന് കേസ്; എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ