തിരുവനന്തപുരം: പാറാശാല ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി പ്രതി ഗ്രീഷ്മ. ഷാരോണ്‍ പഠിച്ച കോളജില്‍ വച്ചും കൊലപാതക ശ്രമം നടത്തിയിരുന്നെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നു. ജ്യൂസില്‍ 50 ഡോളോ കലര്‍ത്തിയായിരുന്നു നല്കാന് പദ്ധതിയിട്ടത്.
നെയ്യൂര്‍ സിഎസ്ഐ കോളജിലെ ശുചിമുറിയില്‍ വച്ചായിരുന്ന സംഭവം. ഗുളികകള്‍ തലേന്ന് തന്ന കുതിര്‍ത്തുവച്ചശേഷം ജ്യൂസില്‍ കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ജ്യൂസ് ചലഞ്ചിലേക്കു ഗ്രീഷ്മ കടന്നു. എന്നാല്‍ ജ്യൂസിന് കയ്പ് അനുഭവപ്പെട്ടതോടെ ഷാരോണ്‍ കുടിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും തെളിവെടുപ്പ് നടത്തും.
ഷാരോണിനെ പല തവണ ജ്യൂസ് നല്കി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ഗ്രീഷ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ മൊഴി നൽകിയതായാണു വിവരം. ഗ്രീഷ്മയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഇരുവരും ഒന്നിച്ച് താമസിച്ച ഹോട്ടലിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ്.
ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്കു പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു കാപിക് എന്ന കളനാശിനിയാണു ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന് വ്യക്തമായത്. ഇതില്‍ കോപ്പര്‍ സള്‍ഫേറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി എം.ആര്. അജിത്കുമാര്‍ പറഞ്ഞു.
ഒരു വര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണു വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിനു കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്.
മുമ്പും പലതവണ ഗ്രീഷ്മ നല്കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗ്രീഷ്മ പൊലീസിനോട് നിഷേധിച്ചിരുന്നു. നിലവില്‍ ഗ്രീഷ്മ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണു നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണു ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്.