അധ്യാപകര്‍ക്കിടയിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാര്‍ക്കിടയിലെ അധ്യാപകനുമായിരുന്നു ടി. ശിവദാസമേനോന്. അധ്യാപനകാലത്ത് രാഷ്ട്രീയമായ സമീപനത്തോടെ അധ്യാപക സംഘടനയുടെ ശക്തനായ വക്താവും നേതാവുമായിരുന്നു. ജോലി രാജിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ സമയത്ത് ഒപ്പമുള്ളവര്‍ക്കു രാഷ്ട്രീയവിദ്യാഭ്യാസം പകര്ന്നുനല്കുന്ന അധ്യാപകനുമായി അദ്ദേഹം.
എക്കാലത്തും തന്റെയും തന്റെ പ്രസ്ഥാനത്തിന്റെയും നിലപാടുകള്‍ക്കൊപ്പം അദ്ദേഹം നിലയുറപ്പിച്ചു. അധ്യാപകന്റെ കണിശതയും രാഷ്ട്രീയക്കാരന്റെ ജനാധിപത്യബോധ്യവും ജനകീയതയും അദ്ദേഹത്തിനെപ്പോഴുമുണ്ടായിരുന്നു. നിയസഭയിലും പുറത്തും രാഷ്ട്രീയനിശിതബുദ്ധിയാര്ന്ന പ്രസംഗങ്ങള്‍ കൊണ്ട് തനിക്കും പാര്‍ട്ടിക്കും പരിച തീര്‍ക്കുകയും നര്‍മത്തില്‍ ചാലിച്ച പ്രയോഗങ്ങളും രാഷ്ട്രീയ ശത്രുക്കള്‍ക്കുനേരെ അമ്പെയ്യുകയും ചെയ്തു.
എതരഭിപ്രായമുള്ള സദസ്സിനെ തന്റെ നിലപാടിലേക്ക് ആകര്‍ഷിക്കുന്നതും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും അദ്ദേഹത്തിന്റെ വികാരനിര്‍ഭരമായ പ്രസംഗങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. നര്‍മവും വികാരതീവ്രതയും നിലപാടും ചേര്‍ത്തുള്ള അധ്യാപകശൈലിയില് ശിവദാസമേനോന് തനിക്കു പറയാനുള്ള കാര്യം പറയും. അതു തന്റെ പ്രസ്ഥാനത്തിന്റെ നിലപാടിന്, തന്റെ സര്‍ക്കാരിന് ഒക്കെ തീര്‍ക്കുന്ന പ്രതിരോധ തന്ത്രവും എതിരാളികളെ അത്ഭുതസ്തബ്ധരാക്കിയിട്ടുണ്ട്.
ശിവദാസമേനോന്റെ ഈ ശൈലി കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി പി എമ്മിന് എതിരാളികളുടെയും വിമര്‍ശകരുടെയും ആക്രമണത്തിനു മുന്നില്‍ പലപ്പോഴും ചെറുത്തുനില്‍പ്പിന് സാധിച്ചിട്ടുണ്ട്. മലയാളവും സംസ്കൃതവും ഇംഗ്ലീഷും കലര്‍ത്തി നര്‍മത്തില്‍ പൊതിഞ്ഞ് അദ്ദേഹമെയ്യുന്ന വാക്ശരങ്ങളില്‍ എതിരാളികള്‍ നിരായുധരായി മാറുന്ന കാഴ്ച നിയസഭയ്ക്കത്തും പുറത്തും കേരളം സാക്ഷ്യം വഹിച്ചു. വാക്കുകള്‍ കൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും അദ്ദേഹം രാഷ്ട്രീപ്രവര്ത്തനത്തില് സജീവസാന്നിദ്ധ്യമായിരുന്നു. നിയമസഭയില്‍ മന്ത്രിമാര്‍ക്കിടയിലെ മാഷായിരുന്നു ശിവദാസമേനോന്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കെത്തിയ ശിവദാസമേനോന് മന്ത്രിയും എം എല്‍ എയുമൊക്കെ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും തെരുവില്‍ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച നേതാവായിരുന്നു. ആരോഗ്യവാനയിരുന്ന കാലത്തെല്ലാം കേരളത്തില്‍ സി പി എം നയിച്ച എല്ലാ സമരമുഖത്തും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. വാര്‍ധ്യകത്തിന്റെ പേരില്‍ മാറിനില്ക്കാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തെരുവിലും സമരമുഖത്തും അദ്ദേഹമുണ്ടായിരുന്നു.

ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയില്‍ നടത്തിയ കുടില്‍ കെട്ടി സമരത്തിനെതിരെ പൊലീസ് വെടിവെയ്പിലും അതിക്രമത്തിലും ജോഗി എന്ന ഗോത്രമഹാസഭാ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിലും രാജ്യം മൊത്തം ഇളകി മറിഞ്ഞ പ്രതിഷേധം ഉണ്ടായി. അന്ന് കേരളം ഭരിച്ചിരുന്ന എ കെ ആന്റണി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫ് അതിശക്തമായ സമരമാണ് ചെയ്തത്. ആ സമരത്തില്‍ പാലക്കാട് എസ് പി ഓഫീസിലേക്കു സി പി എം നടത്തിയ മാര്‍ച്ചില്‍ എഴുപത്തിയൊന്നുകാരനായ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മര്‍ദിച്ചു. പൊലീസ് മര്‍ദനത്തില്‍ അദ്ദേഹത്തിന്റെ തലപൊട്ടി. കാല്‍മുട്ടുകള്‍ക്കും പരുക്കേറ്റു. അടിയേറ്റുവീണ അദ്ദേഹത്തെ കപ്പലണ്ടി വില്‍പ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചത്.
വെള്ളോലി ശങ്കരന്‍കുട്ടി പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന് ജനിച്ചത്. വള്ളുവനാട്ടിലാകെ അലയടിച്ച സ്വാതന്ത്രസമര പ്രസ്ഥാനത്തിലെ തുടര്‍ച്ചയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായി ശിവദാസമേനോന് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന് പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന് സി പി എമ്മിനൊപ്പം നിലയുറപ്പിച്ചു.
പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളജില്‍നിന്ന് ബി എഡും നേടിയ ശേഷം മണ്ണാര്‍ക്കാട് കെ ടി എം ഹൈസ്കൂളില്‍ 1955ല്‍ അധ്യാപകനായി. അധ്യാപക ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് 1977ല്‍ ലോക്സഭയിലേക്കു മത്സരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരിക്കെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍ മണ്ണാര്‍ക്കാടും പരിസരപ്രദേശങ്ങളിലും പാര്‍ട്ടിയും അധ്യാപക സംഘടയും ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. അധ്യാപക സംഘടനയായിരുന്ന പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ പി ടി എഫ് വൈസ് പ്രസിഡന്റ്, കെ പി ടി യു ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു.

മണ്ണാര്‍ക്കാട് പഞ്ചായത്തില്‍ 1961ല്‍ സ്വന്തം അമ്മാവനെ, തോല്‍പ്പിച്ചു കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. അടിയന്തരാവസ്ഥ പിന്‍വലിച്ചുവെങ്കിലും അതിന്റെ നിഴലില്‍ 1977ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എ സുന്നാ സാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്സഭയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1987ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ല്‍ വീണ്ടും മലമ്പുഴയില്‍ ജനവിധി തേടിയപ്പോള്‍ ഭൂരിപക്ഷം വര്‍ധിച്ചു. അത്തവണ പ്രതിപക്ഷ ഡെപ്യൂട്ടി ചീഫ് വിപ്പായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2001വരെ മൂന്നാം നായനാര്‍ സര്‍ക്കാരില്‍ ധനകാര്യ എക്സൈസ് മന്ത്രിയായി.
സി പി എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മിദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്, സി കെ കരുണാകരന്. സഹോദരന്: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.
പാര്‍ട്ടി ചട്ടക്കൂടില്‍ ഉറച്ചുനിന്ന നേതാവ്
ടി ശിവദാസ മേനോന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. പാര്‍ട്ടി ചട്ടക്കൂടില്‍ ഉറച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം. ഒരു നേതാവും പാര്‍ട്ടി പതാകയ്ക്കു മുകളിലല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട്. രാഷ്ട്രീയപ്രഷുബ്ദമായ നിയസഭാ സമ്മേളന കാലങ്ങളില്‍ സഭ്യത വിടാതെ എതിര് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളോട് പെരുമാറിയിരുന്ന ശിവദാസമേനോന് എക്കാലത്തും സാമാജികര്‍ക്ക് മാതൃകയാണ്.
രണ്ട് മന്ത്രിസഭകളില്‍ ധനകാര്യം, എക്സൈസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരനായി ഭരണമികവും തെളിയിച്ചു. പരന്ന വായനയും ഭാഷാ മികവും കുറിക്കു കൊള്ളുന്ന നർമവും കൈമുതലായുള്ള നേതാവായിരുന്നു ശിവദാസ മേനോന്.
മൂന്ന് പതിറ്റാണ്ടോളം അധ്യാപകനായിരുന്ന ശിവദാസ മേനോന് സംസ്ഥാനത്തെ അധ്യാപക സംഘടനകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ്. സി പി എം രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.