സുഗതം ഹരിതം: സുഗതകുമാരിയുടെ ജന്മദിനത്തിൽ വൃക്ഷത്തൈകൾ നട്ട് കേരളം

ഇന്ന് സുഗതകുമാരിയുടെ 87ാം പിറന്നാൾ. പ്രകൃതിയെ സ്നേഹിച്ച കവിയുടെ ഓർമ്മ പടർന്നു പന്തലിക്കാനായി, ‘ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി’ എന്ന കവിതയായി ഇന്ന് കേരളം പലയിടങ്ങളിലായി വൃക്ഷത്തൈകൾ നട്ടു

Suagathakumari, സുഗതകുമാരി, poet sugathakumari, കവയിത്രി സുഗതകുമാരി, activist, ആക്ടിവിസ്റ്റ്, saplings, മരത്തൈ, വൃക്ഷത്തൈ, iemalayalm, ഐഇ മലയാളം

തന്റെ കവിതകളിലൂടെ മലയാളിയുടെ പരിസ്ഥിതി സ്നേഹത്തിന് ദിശാബോധം പകർന്ന സുഗത കുമാരി, മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് വിട വാങ്ങിയത്. സുഗത കുമാരിയുടെ 87ാം ജന്മദിനമാണിന്ന്.

കവയിത്രി, സാമൂഹ്യ പ്രവർത്തക, പ്രകൃതി സംരക്ഷണ പ്രവർത്തക എന്നീ നിലകളിൽ മലയാളികളുടെ പ്രിയപ്പെട്ട സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട്, ജന്മദിനത്തിൽ കേരളത്തിലുടനീളം വിവിധ മേഖലകളിൽ നിന്നുള്ളവർ വൃക്ഷത്തൈകൾ നട്ടു.

തിരുവനന്തപുരം അഭയഗ്രാമത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വൃക്ഷത്തൈ നട്ടപ്പോൾ

സുഗതം ഹരിതം എന്ന പേരിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി കെ.കെ ശൈലജ ആയിരുന്നു. മുതിർന്ന മാധ്യപ്രവർത്തകരായ കെ.എ ബീന, ഗീത നസീർ,  മേഴ്സി,  ആർ പാർവതി ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരം അഭയഗ്രാമത്തില്‍ പരിപാടി നടന്നത്.

“ഇതൊരു തുടക്കം മാത്രമാണ്. കേരളം മുഴുവൻ ഈ ആഹ്വാനം ഏറ്റെടുക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും പരിപാടി ഇത്രയും വലിയൊരു വിജയമാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. വരും ദിവസങ്ങിലും കൂടുതൽ വൃക്ഷത്തൈകൾ നടും. കേരളത്തിലുടനീളം സുഗതകുമാരി ടീച്ചർക്കായി ഒരു ലക്ഷം വൃക്ഷത്തൈകളെങ്കിലും നടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കേരളത്തിൽ മാത്രമല്ല, ലോകത്ത് മലയാളി ഉള്ള ഇടങ്ങളിലെല്ലാം. ടീച്ചറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലായിടങ്ങളിലും ചെടികൾ നട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും ഇത് നടക്കും,” മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ കെ.എ ബീന പറഞ്ഞു.

sugatha kumar
സുഗതകുമാരി പഠിച്ച തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ വൃക്ഷത്തൈ നടുന്നു

സുഗതകുമാരി പഠിച്ച തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലും വൃക്ഷത്തൈ നട്ടു. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൃക്ഷത്തെ നട്ടു.

രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൃക്ഷത്തെ നടുന്നു

കഴിഞ്ഞ ഡിസംബർ 23നാണ് സുഗതകുമാരി ടീച്ചർ വിടവാങ്ങിയത്. കോവിഡ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

തന്റെ മരണാനന്തരം തന്റെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഒരു വൃക്ഷത്തൈ നടുകയാണ് വേണ്ടതെന്ന് കവിയത്രി മുൻപ് കുറിച്ചിരുന്നു.

“ഞാൻ പോയതിന് ശേഷം നിങ്ങളെന്നെ ഓർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ! … ഒരു പേരാൽ മരത്തൈ നടുക. ദയവു ചെയ്ത് മരത്തിലോ അതിനടുത്തോ ഒന്നും എഴുതി വയ്ക്കാതിരിക്കുക . പക്ഷികൾ വന്ന് മരത്തിൽ നിന്നും യഥേഷ്ടം പഴങ്ങൾ ഭക്ഷിക്കട്ടെ … എനിക്കതു മാത്രം മതി… ” എന്നായിരുന്നു സുഗതകുമാരി ടീച്ചറുടെ വരികൾ.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഗാന്ധി പാർക്കിൽ വൃക്ഷത്തൈ നടുന്നു
തിരുവനന്തപുരം ജവഹർ ബാലഭവനിൽ പവിഴമല്ലി തൈ നടുന്നു.

തിരുവനന്തപുരം ജവഹർ ബാലഭവനിൽ പവിഴമല്ലി തൈ നട്ടു.  ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായി സുഗത കുമാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം പിഎസ്‌സി ആസ്ഥാനത്ത് മെംബർ ആർ പാർവതി ദേവി മാവിൻ തൈ നടുന്നു

തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് മെംബർ ആർ.പാർവതി ദേവിയും നിയമസഭാ കോംപ്ലക്സ് വളപ്പിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും തൈ നട്ടു. പി എസ് സി ഓഫീസ് വളപ്പിൽ അൽഫോൻസ മാവിൻ തൈയും നിയമസഭാ കോംപ്ലക്സ് വളപ്പിൽ പവിഴമല്ലി തൈയുമാണ് നട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ ബിനോയ് വിശ്വം എംപി വൃക്ഷത്തൈ നട്ടു. ഇടുക്കി ജില്ലയിലെ അണക്കരയിലും പരിപാടി നടന്നു.

ഇടുക്കി ജില്ലയിലെ അണക്കരയിൽ വൃക്ഷത്തൈ നടുന്നു
കൊച്ചി സുഭാഷ് പാർക്കിൽ മേയർ എം. അനില്‍ കുമാര്‍ പേരാൽ തൈ നടുന്നു

കൊച്ചി സുഭാഷ് പാർക്കിൽ മേയർ എം. അനില്‍ കുമാറിന്റെ നേതൃത്വത്തിൽ പേരാൽ തൈ നട്ടു. നഗരം ഹരിതവത്കരിക്കുന്നതിന് സുഗതകുമാരി ടീച്ചർ എന്നും പ്രചോദനമായിരിക്കുമെന്ന് മേയർ പറഞ്ഞു.

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ഫോറസ്റ്റ് ഓഫീസിൽ മുൻ ഡ്രൈവർ ഗോപിയും പാചകക്കാരനായ അപ്പുവും തൈകൾ നട്ടു. സൈലന്റ് വാലി സന്ദർശിക്കുമ്പോഴെല്ലാം സുഗതകുമാരി ടീച്ചറെ അനുഗമിക്കാറുണ്ടായിരുന്നു ഗോപിയും അപ്പുവും.

1980കളിലെ,  സൈലന്റ് വാലി സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിൽ സുഗതകുമാരി വളരെ വലിയ പങ്കാണ് വഹിച്ചത്. ടീച്ചർ സ്ഥാപിച്ച പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി കവികളും എഴുത്തുകാരും സൈലന്റ് വാലി സംരക്ഷണത്തിനായി അണിനിരന്നിരുന്നു.

സൈലന്റ് വാലി ഫോറസ്റ്റ് ഓഫീസിൽ മുൻ ഡ്രൈവർ ഗോപിയും പാചക്കാരനായ അപ്പുവും തൈകൾ നടുന്നു

തണൽ എന്ന പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, വയനാട്, തൃശൂർ, അട്ടപ്പാടി, പത്തനംതിട്ട എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. ഇതുകൂടാതെ സംസ്ഥാനത്തെ വിവിധ കലക്ടറേറ്റുകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കവിയത്രിക്ക് ആദരവർപ്പിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം, വയനാട്, അട്ടപ്പാടി, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ തണൽ സംഘടനയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നു
തിരുവനന്തപുരം വഴുതക്കാട് വിമൺസ് കോളജിൽ മുൻ മന്ത്രി ബിനോയ് വിശ്വം തൈ നടുന്നു

അനാഥരായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസികാസ്വാസ്ഥ്യമുള്ളവർക്കായി അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു.

ദീർഘകാലം തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘തളിര്’ എന്ന മാസികയുടെ  ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tribute to late poet sugathakumari on her birthday

The moderation of comments is automated and not cleared manually by malayalam.indianexpress.com