തിരുവനന്തപുരം: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്നും ആദിവാസികള്‍ക്കെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതിന് തെളിവാണ് വിശ്വനാഥന്റെ മരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഗൗരവമായി കാണുന്നു, കര്‍ശന നടപടികള്‍ സ്വീകരിക്കും. വിശ്വനാഥന്റെ മരണത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. സിറ്റി പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്താകെ വര്‍ധിക്കുകകയാണ്,” മന്ത്രി ചൂണ്ടിക്കാണിച്ചു.
“സമൂഹത്തിന്റെ സമീപനം മാറേണ്ടതുണ്ട്. ഇന്ത്യയിലെ പൊതു രീതിയിൽ നിന്ന് കേരളത്തിൽ വ്യത്യാസം ഉണ്ടെ്. കേരളത്തില്‍ ആദിവാസികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നു. ഇത് അനാചാരങ്ങളെ തടയാനും സഹായിക്കുന്നു. നിയമ പഠനം പൂർത്തിയാക്കിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെ അടക്കം കൂടുതൽ പേരെ ലീഗൽ അഡ്വൈസർ ആയി നിയമിക്കും,” മന്ത്രി വ്യക്തമാക്കി.