മദ്യപാനികള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ആദിവാസി കോളനി

ഊരുവിലക്കു പ്രഖ്യാപിച്ചതോടെ 70 മദ്യപാനികളില്‍ 63 പേരും മദ്യപാനം നിര്‍ത്തി

കൊച്ചി: മദ്യപാനികള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ആദിവാസി കോളനി. ഊരുവിലക്കു പ്രഖ്യാപിച്ചതോടെ മദ്യപാനികളില്‍ ഭൂരിഭാഗവും മദ്യപാനം ഉപേക്ഷിച്ചു. മൂന്നാറിനു സമീപമുള്ള കുണ്ടള എസ്‌ടി ആദിവാസി കോളനിയിലെ ഊരുകൂട്ടമാണ് മദ്യപാനികളെ നിലയ്ക്കു നിര്‍ത്താന്‍ വ്യത്യസ്തമായ ആശയം പ്രയോഗിച്ചത്.

മദ്യപാനവും അതേ തുടർന്നുള്ള പ്രശ്‌നങ്ങളും സ്ഥിരമായതോടെയാണ് ഒക്ടോബര്‍ ഒന്നിനു ചേര്‍ന്ന ഊരുകൂട്ടം ഇതിനു പരിഹാരം ആലോചിച്ചത്. ഇതേത്തുടര്‍ന്നാണ് മദ്യപാനികളെ പൂര്‍ണമായും സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഊരുകൂട്ടം പ്രസിഡന്റ് കന്തസ്വാമി പറയുന്നു. സാധാരണയായി ആദിവാസി സമൂഹത്തിന്റെ ആചാരങ്ങളും ചിട്ടകളും ലംഘിക്കുന്ന കുടുംബങ്ങളെയാണ് ഊരുവിലക്കാറുള്ളത്.

ഊരുവിലക്കുന്ന വീടുകളിലെ വീടുകളിലെ മരണം, കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ മറ്റുള്ളവര്‍ പങ്കെടുക്കില്ല. ഊരുവിലക്കപ്പെട്ട ആളുകളുമായി ഒരുമിച്ച് ജോലിക്ക് പോകുകയോ ഇവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവരുമായി മറ്റുള്ളവര്‍ യാതൊരു സമ്പര്‍ക്കവും പുലര്‍ത്താറില്ല. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതൊരു ശിക്ഷയല്ല മറിച്ച് മദ്യത്തിന് അടിമയായവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും കന്തസ്വാമി പറഞ്ഞു.

Read Also: പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ തീരുമാനം

കോളനിയിലെ 119 കുടുംബങ്ങളില്‍ 70 എണ്ണത്തില്‍ നിന്നുള്ള പുരുഷന്മാരും മദ്യപാനികളും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോളനിയിലെ രണ്ടു പേര്‍ മദ്യലഹരിയില്‍ ജീവനൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഊരുകൂട്ടം ചേര്‍ന്ന് ഊരുവിലക്കു പ്രഖ്യാപിച്ചത്.

ഊരുവിലക്കു പ്രഖ്യാപിച്ചതോടെ 70 മദ്യപാനികളില്‍ 63 പേരും മദ്യപാനം നിര്‍ത്തിയതായും മറ്റുള്ളവരും ഉടന്‍ തന്നെ മദ്യപാനം നിര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായും കന്തസ്വാമി പറഞ്ഞു. കുണ്ടള എസ്‌ടി കോളനിക്കു സമീപമുള്ള താളെക്കുടിയിലും മദ്യപാനികള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും കന്തസ്വാമി പറഞ്ഞു. കൃഷിയും കൂലിപ്പണിയും പ്രധാന വരുമാന മാര്‍ഗമായ ആദിവാസികള്‍ സമീപത്തെ എസ്റ്റേറ്റുകളില്‍ നിന്നാണ് വന്‍ തുക നല്‍കി മദ്യം കഴിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tribal village against alcohol drinking ooruvilakku

Next Story
മൂന്നിടത്ത് വിജയപ്രതീക്ഷ പുലര്‍ത്തി സിപിഎം; എല്ലാ കണ്ണുകളും വട്ടിയൂര്‍ക്കാവിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com