കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ സ്‌കൂളിന്റെ വിജയ ശതമാനം കുറയാതിരിക്കാനായി ആദിവാസി വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. വയനാട് നീര്‍വ്വാരം ഗവണ്‍മെന്റ് ഹൈസ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കാതിരിക്കാനും വിജയശതമാനം കുറയാതിരിക്കാനുമായി ആദിവാസികളായ വിദ്യാര്‍ത്ഥികളോട് പരീക്ഷ എഴുതണ്ടെന്നാണ് ആരോപണം. അക്ഷരാഭ്യാസമില്ലാത്ത തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും ഇതുസംബന്ധിച്ച പേപ്പറുകള്‍ അധ്യാപകര്‍ ഒപ്പിട്ട് വാങ്ങിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ മതിയായ ഹാജരില്ലാത്തതിനാലാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതില്‍ അസ്വാഭാവിമായി ഒന്നുമില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പരീക്ഷയെഴുതാന്‍ അനുവദിക്കാതെ മാറ്റി നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ക്ലാസില്‍ വരാത്തവരാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, സമാനമായ ആരോപണം വയനാട്ടിലെ വേറേയും സ്‌കൂളുകള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ