ക്ലാസ് നിലനിർത്താനും തസ്തിക ഉറപ്പിക്കാനും വേണം, നൂറ് ശതമാനം വിജയം ഉറപ്പിക്കാൻ വേണ്ട, വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസത്തിൽ പത്താം തരത്തിൽ നിന്നും കൊഴിഞ്ഞുപോകുന്ന വഴികളിലൊന്നാണിത്.
വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനുളള കാരണങ്ങളുടെ അന്വേഷണത്തിലാണ് വിജയശതമാനം ഉറപ്പിക്കാനുളള വിവേചനം പുറത്തുവന്നത്.
ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വിരാമമിട്ട് വിജയശതമാനം നൂറിലെത്തിക്കാനുള്ള യത്‌നത്തില്‍ വയനാട്ടിലെ വിദ്യാലയങ്ങൾ. എയ്ഡഡ് സ്ഥാപനങ്ങളിലാണ് ആദിവാസി കുട്ടികളോടുള്ള ഈ വിവേചനം. വിവിധ കാരണങ്ങളാൽ വിദ്യാലയങ്ങളോട് അകൽച്ച പുലർത്തുന്ന ആദിവാസി വിദ്യാര്‍ത്ഥികളോടുള്ള വിദ്യാലയ അധികൃതരുടെ നിഷേധഭാവം ഇവരുടെ പഠനം എന്നേക്കുമായി നിലയ്ക്കാന്‍ കാരണമാവുന്നു.
പത്താം തരം എത്തുന്നതുവരെ ഈ കുട്ടികളുടെ കാര്യത്തിൽ തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ല. ഹാജരോ പഠന നിലവാരമോ ഒന്നും ഈ കാലയളവിൽ ഇവർക്കു ബാധ്യതയാകുന്നില്ല. ഇങ്ങനെ ഒമ്പതാം തരം കടക്കുന്ന ആദിവാസി കുട്ടികള്‍ പത്താം ക്ലാസ്സില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അനഭിമതരാവുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യത്തെ ആറ് പ്രവര്‍ത്തി ദിവസങ്ങളുടെ കടമ്പ കടക്കുന്നതുവരെയെ ഇക്കുട്ടികള്‍ക്ക് ഇത്തരം വിദ്യാലയങ്ങളില്‍ സ്ഥാനമുള്ളു.
വയനാട് ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ് മീനങ്ങാടിയിലേത്. ആറാം പ്രവൃത്തി ദിവസം പിന്നിട്ട് അടുത്ത ദിവസങ്ങളില്‍ നൂറ് ആദിവാസിക്കുട്ടികളാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇവിടെ പത്താംതരത്തില്‍ ചേരാനെത്തിയത്. സ്‌കൂളിലെത്തിയ ചില കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. പന്തികേടു തോന്നിയ അവരോട് കാര്യം തിരക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്. സമീപത്തെ ഒരു എയഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ജില്ലാ വിദ്യാഭ്യാസാധികാരികള്‍ക്ക് പരാതി പോയി. ഇക്കുട്ടികളെ തിരികെ പ്രവേശിപ്പിച്ച് സ്‌കൂള്‍ തടിയൂരി. മുന്‍വര്‍ഷത്തെ ചില കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.
2016 ലെ ആറ് പ്രവര്‍ത്തിദിവസത്തെ കണക്കനുസരിച്ച് പൂതാടിയിലെ ഒരു ഹയര്‍സെക്കൻഡറി സ്‌കൂളില്‍ 41 ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അധ്യായന വര്‍ഷസാവസാനം എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തത് ഇവരില്‍ 23 പേര്‍ മാത്രം. പരീക്ഷയെഴുതിയതു 21 പേരും ഫലം വന്നപ്പോള്‍ വിജയശതമാനത്തില്‍ ഈ വിദ്യാലയം മുന്നിലെത്തിയിരുന്നു.

ഇങ്ങനെ കൊഴിഞ്ഞുപോയവരിൽ ചിലരെ ഞങ്ങള്‍ നേരില്‍ കണ്ടു. സ്‌കൂളിന്റെ സമീപത്തെ പയഞ്ചോറ്റു പണിയ കോളനിയിലെ മനുവും ശരണ്യയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്തുകൊണ്ട് പത്താംതരം പരീക്ഷയെഴുതിയില്ലെന്ന ചോദ്യത്തിനു മനുവിന്റെ മറുപടിയിങ്ങനെ, ‘ ഞാന്‍ കുറച്ചു ദിവസം സ്‌കൂളില്‍ പോയില്ല. മടികൊണ്ടാ പോവാത്തത്’. പിന്നെ പോയാലോ ടീച്ചര്‍ പറഞ്ഞു പരീക്ഷയൊന്നും എഴുതാണ്ടാന്ന്.” ശരണ്യ പറഞ്ഞതും സമാന മറുപടിയാണ്. “എഴുതാനും വായിക്കാനുമൊന്നും അറിയില്ല. പിന്നെങ്ങിനെ പരീക്ഷയെഴുതും. ടീച്ചറും അതു തന്നെ പറഞ്ഞു.”
ഇവരില്‍ രണ്ടുപേരില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പരീക്ഷയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന സത്യവാങ്മൂലവും സ്‌കൂള്‍ അധികൃതര്‍ എഴുതി വാങ്ങി. ഇവിടെ കൊഴിഞ്ഞുപോയവരില്‍ ചില കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നാണ് സമാന മാതൃകയിലുള്ള സത്യവാങ്മൂലം എഴുതി വാങ്ങിയത്.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഓരോരുത്തരെയായി വിളിച്ചു വരുത്തി മക്കളുടെ വിദ്യാഭ്യാസ നിലവാരം അവരെ ബോദ്ധ്യപ്പെടുത്തുകയെന്ന തന്ത്രമാണ് ഇവിടെ സ്‌കൂള്‍ അധികൃതര്‍ പയറ്റിയത്. കുട്ടിക്ക് വായിക്കാനിറിയില്ല, എഴുതാനറിയില്ല. കണക്കറിയില്ല, തോല്‍വി തീര്‍ച്ച എന്നിങ്ങനെ കുറ്റപത്രം തയ്യാറാക്കി രക്ഷിതാക്കളെ നിസ്സഹായരാക്കി അനുസരിപ്പിക്കുകയാണ് തന്ത്രം. ഇതു വിജയിക്കും. കാരണം രക്ഷിതാക്കള്‍ കുട്ടികളേക്കാള്‍ അജ്ഞരോ നിരക്ഷരരോ ആയിരിക്കും. സ്‌കൂള്‍ അധികാരികളോട് എന്തെങ്കിലും ചോദ്യമോ സംശയമോ ഉന്നയിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഒടുവില്‍ സ്‌കൂള്‍ അധികൃതര്‍ ഇച്ഛിച്ചത് അവര്‍ അംഗീകരിക്കുന്നു. സ്വന്തം ജീവിതത്തേക്കാള്‍ വലിയ ഉദാഹരണം അവരുടെ മുന്നില്‍ വേറെ വേണ്ടതില്ലല്ലോ? പൂതാടിയിലെ മാത്രം വിധിയല്ലിത്. ഏതാണ്ടെല്ലാ എയ്ഡഡ് വിദ്യാലയങ്ങളും സമാന മാതൃകയാണ് പിന്തുടരുകയെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

2016-17 വര്‍ഷത്തില്‍ 1400 ആദിവാസിക്കുട്ടികളാണ് വിവിധ ക്ലാസ്സുകളിലായി വയനാട് ജില്ലയില്‍ പഠനം അവസാനിപ്പിച്ചത്. അതായത് കൊഴിഞ്ഞുപോയത്. ഡ്രോപ് ഔട്ട് ഇല്ലാതാക്കാനായി ജില്ലയില്‍ അവതരിപ്പിച്ച പദ്ധതികള്‍ നിരവധിയാണ്. ട്രൈബല്‍ പ്രമോട്ടോഴ്‌സ്, ആശ വര്‍ക്കര്‍മാര്‍, മെന്റര്‍ ടീച്ചേഴ്‌സ് തുടങ്ങിയവര്‍ ജില്ലയില്‍ 1200 ല്‍ അധികം വരും. ഇവരെല്ലാം കുട്ടികളെ സ്‌കൂളിലെത്തിക്കാനും കൊഴിഞ്ഞുപോയവരെ തിരികെയെത്തിക്കാനും വര്‍ഷം മുഴുവനും പ്രയത്‌നിച്ചു എന്നാണ് രേഖകളിലുള്ളത് പ്രശ്‌ന പരിഹാരം മാത്രം ഉണ്ടായില്ലെന്നതാണ് നേര്. ഇതിനെല്ലാം പുറമെ അധ്യാപകരും ഉണ്ട് എന്നതും ഓര്‍ക്കണം. പൂതാടിയിലെ കാര്യം മാത്രം പരിശോധിച്ചാല്‍ കുഴപ്പമെവിടെയാണെന്ന് ബോധ്യമാവുമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘പത്ത് അധ്യാപകരെങ്കിലും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കാന്‍ അവിടെയുണ്ടാവും. ആകെ കുട്ടികള്‍ 110 ആണെങ്കില്‍ ഒരധ്യാപകന്‍ പരിഗണിക്കേണ്ടത് 11 പേരെ. അതുണ്ടായില്ലെന്ന് കൊഴിഞ്ഞുപോയവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭാഷയാണ് മറ്റൊരു പ്രശ്‌നം. ഒട്ടും പരിചിതമല്ലാത്ത ഇംഗ്ലീഷ് കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ മലയാളം എന്തുകൊണ്ട് ആദിവാസികുട്ടികള്‍ക്ക് വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കണം’. അദ്ദേഹം പറഞ്ഞു.
പത്താം തരക്കാരുടെ മാത്രം പ്രശ്‌നമല്ലിത്. അധ്യായന വര്‍ഷാരംഭത്തിലെ ആറാം പ്രവൃത്തി ദിനം വരെ മാത്രം പരിഗണന ലഭിക്കുന്നവരില്‍ എല്ലാ ക്ലാസ്സുകളിലെയും കുട്ടികളുണ്ട്. കുട്ടികള്‍ ഇക്കാലത്ത് ഒരു ചരക്ക് മാത്രമാണ്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്തിപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കൈകളിലെ പാവയാണിവര്‍. ആദിവാസിക്കുട്ടികളെ കോളനികളില്‍ നിന്നു കൂട്ടത്തോടെ കൊണ്ടു പോവുകയാണ് പതിവ്. നിയമനാംഗീകാരത്തിനായി കാത്തിരിക്കുന്ന അധ്യാപകരാണ് ആവശ്യക്കാരെന്നതിനാല്‍ അവരുടെ മുന്‍കൈയിലാണ് വിദ്യാര്‍ത്ഥിക്കളുടെ വിദ്യാലയ പ്രവേശനം. പുതുവസ്ത്രവും ബാഗും കുടയും ചെരുപ്പും, പുസ്തകവുമെല്ലാം കുട്ടികള്‍ക്ക് സമ്മാനമായി ലഭിക്കും. ഈ സ്‌നേഹ പ്രകടനത്തിന് അധിക ആയുസ്സില്ല. വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാവുന്നതുവരെ മാത്രമേ ഇതു നീളൂ.
പരമാവധി ഓണപരീക്ഷവരെയാണ് പരിഗണന ലഭിക്കുക. പിന്നെ ഇക്കുട്ടികള്‍ പഠിച്ചില്ലെങ്കിലെന്ത്? പഠിച്ചാലെന്ത്? എന്ന ഭാവമാണ് വിദ്യാലയ അധികൃതര്‍ക്കും അധ്യാപകര്‍ക്കുമുണ്ടാവുക. പൂതാടി സ്‌കൂളിലേക്ക് പടിഞ്ഞാറെത്തറയില്‍ നിന്ന് ഇങ്ങിനെ കൂട്ടത്തോടെ കൊണ്ടുവന്ന കുട്ടികള്‍ക്ക് വരവൂരിലെ ട്രൈബല്‍ ഹോസ്റ്റലിലാണ് കഴിഞ്ഞ വര്‍ഷം താമസം ഏര്‍പ്പാടാക്കിയിരുന്നത്. ഓണപരീക്ഷ കഴിഞ്ഞതോടെ അവസാനത്തെയാളും ഹോസ്റ്റലില്‍ നിന്നു കോളനിയിലേക്കു മടങ്ങി.
ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഏജന്‍സികളെല്ലാം ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികളൊന്നും ആദിവാസിക്കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ വിഷയത്തില്‍ ഇതുവരെ ഫലം കണ്ടില്ല. പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള ആവേശം നിലവിലുണ്ടായിരുന്നവരുടെ വിലയിരുത്തലില്‍ കാണാറില്ല. പ്രശ്‌നവും പരിഹാരവും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായി വിജയിക്കാറില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.