കൊച്ചി: കൊച്ചി മെട്രോയിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിൽ പ്രതികളായ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി, അൻവർ സാദത്ത് എം എൽ എ എന്നിവർ കോടതിയിൽ ഹാജരായി. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക എ.സി.ജെ.എം കോടതിയിലാണ് ഇരുവരുമടക്കം അഞ്ച് പ്രതികൾ ഹാജരായത്.

പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായതിനെത്തുടർന്നാണ് കോടതി പ്രതികളെ ക്രിമിനൽ നടപടിക്രമം 313 പ്രകാരം ചോദ്യം ചെയ്തു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Read More: മുന്നോക്ക സംവരണത്തിൽ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിനെന്ന് വിജയരാഘവൻ

മെട്രോ ഉദ്ഘാടനത്തിന് വിളിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ 2017 ജൂൺ 20 ന് പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്ക് ജനകീയ യാത്ര നടത്തിയത്. അന്യായമായി സംഘം ചേരൽ, കലാപത്തിന് ശ്രമം, മെട്രോ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 2019 ജൂൺ 15ന് ഹാജരായ ഉമ്മൻ ചാണ്ടിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

മുപ്പതോളം യുഡിഎഫ് നേതാക്കൾക്കെതിരെയാണ് കേസുള്ളത്. എം.പി.മാരായ ഹൈബി ഈഡൻ, ബന്നി ബഹനാൻ, എന്നിവരും പ്രതികളാണ്. മെട്രോ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജാമ്യഹർജി പരിഗണിച്ചപ്പോൾ തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലന്ന നിലപാടാണ് യുഡിഎഫ് നേതാക്കൾ സ്വീകരിച്ചത് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.