പൊന്‍കുന്നം: ഏറെക്കാലം ഒട്ടേറെപ്പേർക്ക് തണലേകിയ രണ്ടുപേർ ഒടുവിൽ ഒന്നിക്കുന്നു. ഇന്നു ഉച്ചയ്ക്ക് 12.55 നും 1.20 നു ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തേന്മാവും ആലും വിവാഹിതരാകും. ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം എയ്ഡഡ് സ്‌കൂള്‍ അങ്കണമാണ് ആല്‍മരവും തേന്മാവും വിവാഹിതരാകുന്ന പുത്തന്‍ മുഹൂര്‍ത്തത്തിനു വേദിയാവുന്നത്.

ഏറെ വര്‍ഷങ്ങളായി ഇരുവരും ഒരേ ചുവട്ടിലാണ് വളര്‍ന്നുനില്‍ക്കുന്നത്. ഒരു നാടിന് ഒന്നിച്ചു തണലേകി വളർന്ന ഈ കളിക്കൂട്ടുകാരുകാർക്കുള്ള നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും സ്നേഹാദരമായാണ് ഈ വിവാഹം.

സാധാരണ വിവാഹം പോലെയുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിട്ടുണ്ട്. നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കി നാദസ്വരത്തിന്റെയും കൊട്ടിന്റെയും കുരവയുടെയും സാന്നിധ്യത്തിലാണ് ആലിന്റെയും തേന്മാവിന്റെയും താലികെട്ട്. വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നല്‍കിയിരുന്നു. എത്തുന്നവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വിവാഹം നടക്കുന്ന സ്‌കൂള്‍ അങ്കണം കുരുത്തോലകളും മറ്റുമുപയോഗിച്ച് അലംകൃതമാക്കും. വനംവന്യജീവി ബോര്‍ഡംഗവും വനമിത്ര അവാര്‍ഡ് ജേതാവുമായ കെ.ബിനു ചടങ്ങില്‍ വൃക്ഷായുര്‍വേദത്തെക്കുറിച്ചു വിശദീകരിക്കും.

വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്.ബിജു, സ്‌കൂള്‍ മാനേജര്‍ എം.എന്‍.രാജരത്‌നം, സെക്രട്ടറി കെ.റ്റി.ബാബു, ട്രഷറര്‍ കെ.പി.ഭാസ്‌കരന്‍ പിള്ള, ഹെഡ്മാസ്റ്റര്‍ എന്‍.പി.ശ്രീകുമാര്‍, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ടി.പി.രവീന്ദ്രന്‍ പിള്ള എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. വൃക്ഷമാംഗല്യം ചരിത്രസംഭവമാക്കാനുള്ള തയാറെടുപ്പിലാണ് പിറ്റിഎയും വിദ്യാര്‍ഥികളും നാട്ടുകാരും പ്രകൃതിസ്‌നേഹികളും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ