തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ പിന്നിൽ തമിഴനെന്ന നിലയിലെ വിവേചനമായിരുന്നു കാരണമെന്ന് ആംബുലൻസ് ഡ്രൈവർ.മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആംബുലൻസ് ഉടമയായ കൂടിയായ രാഹുൽ രൂക്ഷമായി പ്രതികരിച്ചത്.

“മുരുകനുമായി മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചപ്പോൾ വെന്റിലേറ്ററില്ലെന്നാണ് പറഞ്ഞത്. പോർട്ടബിൾ വെന്റിലേറ്റർ ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് നിഷേധിച്ചു. മുരുകൻ തമിഴനാണെന്ന് മനസിലാക്കിയത് കൊണ്ടാണ് ചികിത്സ നിഷേധിച്ചത്,” രാഹുൽ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിളിച്ചപ്പോൾ വെന്റിലേറ്റർ ഉണ്ടെന്നാണ് പറഞ്ഞതെന്നും, ഇതറിഞ്ഞ് അവിടെ ചെന്നപ്പോൾ വെന്റിലേറ്റർ ഇല്ലെന്നായിരുന്നു മറുപടിയെന്നും രാഹുൽ വിശദീകരിച്ചു.

ഇന്നലെ മുരുകന്റെ മരണവുമായി ബന്ധപ്പെട്ട മെഡിസിറ്റിയിലെ ഡോ.ബിലാൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ആശുപത്രിയിൽ വെന്റിലേറ്റർ ഉണ്ടായിരുന്നുവെന്നും എന്നാൽ അധികൃതർ വിലക്കിയത് കൊണ്ടാണ് മുരുകന് ഇത് അനുവദിക്കാതിരുന്നതെന്നും ബിലാൽ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കൊല്ലം മെ‍‍ഡിട്രീന ആശുപത്രിയില്‍ ഒരു വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെന്റിലേറ്റര്‍ ഉണ്ടായിരുന്നിട്ടും പ്രാഥമിക ചികിത്സ നിഷേധിച്ചതിനാണ് ഈ ആശുപത്രിക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രി 11.26 ന് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ മുരുകനെ കൊല്ലത്തും തിരുവനന്തപുരത്തുമുള്ള ആശുപത്രികളിൽ ചികിത്സക്കായി കൊണ്ടുപോയത്. മെ‍‍ഡിട്രീന ആശുപത്രിയിലെ ഏഴ് വെന്റിലേറ്ററുകളിൽ മൂന്നെണ്ണത്തിൽ രോഗികളുണ്ടായിരുന്നുവെന്നും മൂന്നെണ്ണം തകരാറിലായിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ശേഷിച്ച ഒരു വെന്റിലേറ്റർ മുരുകന് നൽകാമായിരുന്നിട്ടും അതിന് ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ