കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർക്കും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടു വയസുകാരന് മരിച്ചത്. പിന്നീട് കുട്ടിയുടെ നിപ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്ഥിരീകരിക്കുകയായിരുന്നു.
നിലവില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 68 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 274 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 149 പേര് ആരോഗ്യ പ്രവർത്തകരാണ്. ഏഴ് പേര്‍ക്ക് രോഗ ലക്ഷണവുമുള്ളതായി ആരോഗ്യ മന്ത്രി അറിയിച്ചു.