കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ കൊച്ചി സ്വദേശി സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാള്‍ ഇത്തരമൊരു കത്ത് എഴുതുകയായിരുന്നെന്ന്് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സേവ്യറിന്റെ കയ്യക്ഷരം ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സേവ്യര്‍ കുറ്റം സമ്മതിച്ചത്. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതിന്റെ പേരില്‍ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പീന്നീട് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഇത്തരമൊരു കത്തെഴുതുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.
സേവ്യറാണ് കത്തെഴുതിയതെന്ന് കത്തില്‍ പേരുണ്ടായിരുന്ന കലൂര്‍ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യര്‍ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ 18നാണു തപാലില്‍ കത്ത് ലഭിച്ചത്.