കാസര്‍കോട്: 25 രാജ്യങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 യാത്രാബ്ലോഗര്മാര് ഞായറാഴ്ച ബേക്കലിന്റെ വാനില്‍ പട്ടം പറത്തും. മെയ് 5,6,7, തീയ്യതികളില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ബി ആര്‍ഡി സി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയുടെ ഭാഗമായാണ് ബേക്കലില്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിദേശ ബ്ലോഗര്‍മാര്‍ പട്ടം പറത്തുന്നത്.
അർജന്റീന, യു എസ്, യു കെ, സ്പെയിൻ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, പോളണ്ട്, റൊമേനിയ, സ്ലൊവേനിയ, പോളണ്ട്, ഫിലിപ്പൈൻസ്, ഇറ്റലി, മെക്സിക്കോ, അയർലണ്ട്, മലേഷ്യ, ഇന്ത്യോനേഷ്യ, ഫിൻലാന്റ്, കാനഡ, ജർമ്മനി, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങി ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുളള യാത്രാബ്ലോഗർമാരാണ് ഞായറാഴ്ച പട്ടംപറത്താനെത്തുന്നത്.
കഴിഞ്ഞ വര്‍ഷം നടത്തിയ ബേക്കല്‍ പട്ടം പറത്തല്‍ മേള ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇത്തവണ ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഗുജറാത്ത്, ഡല്‍ഹി, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രശസ്ത ടീമുകള്‍ക്ക് പുറമേ കൊച്ചിയിലെ എ പി ജെ അബ്ദുള്‍കലാം കൈറ്റ് ടീം, അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വണ്‍ഇന്ത്യാ കൈറ്റ് ടീമും പട്ടം പറത്തല്‍ മേളയില്‍ പങ്കെടുക്കും.
ഈ വർഷം മുതല്‍ മലബാര്‍ കൈറ്റ് ഫെസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുക. സഞ്ചാരികളെ ബേക്കലിലേക്ക് കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടി പട്ടം പറത്തലിനു പുറമേ കഥകളി, ശിങ്കാരിമേളം, കളരി പയറ്റ്, കോല്‍ക്കളി, ഒപ്പന, മാര്‍ഗ്ഗംകളി തുടങ്ങിയ കേരത്തിന്റെ തനത് കലാ രൂപങ്ങളും ഗാനമേള, ഗസല്‍ സംഗീതം , പ്രശസ്ത കാറോട്ടക്കാരന് മൂസ ശരീഫ് നേതൃത്വം നൽകുന്ന ബീച്ച് ഡ്രൈവിങ്ങും ഇപ്രാവശ്യത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More:ബേക്കൽ കൈറ്റ് ഫെസ്റ്റ്: പുതിയ ആകാശങ്ങളിലേയ്ക്കു പറന്നുയരുന്ന പട്ടം പറത്തൽ മേള
കഴിഞ്ഞ വർഷം ആരംഭിച്ച ബേക്കൽ കൈറ്റ് ഫെസ്റ്റ് ഈ വർഷത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപറേഷന്റെയും സഹകരണത്തോടെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ആതിഥ്യമരുളുന്ന ബേക്കൽ കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ബേക്കൽ കൈറ്റ് ഫെസ്റ്റിൽ കാഴ്ചക്കാരിലും പട്ടം പറത്തലുകാരിലും ഒരു പോലെപട്ടം പറത്തലിന്റെ ആവേശമാണ് പകർന്നത്. പേപ്പര്‍ പട്ടങ്ങളുടെ സങ്കല്പങ്ങളെ മാറ്റിമറിച്ച് കിലോകണക്കിനു ഭാരം വരുന്ന പട്ടങ്ങളും 110 അടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും ബേക്കലിന്റെ ആകാശത്ത് വിസ്മയമൊരുക്കി.
വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഈ വര്‍ഷം കൂടുതല്‍ പുതുമകളോടെ വ്യത്യസ്തമായ പട്ടങ്ങൾ വാനിൽ പറത്തി പട്ടം പറത്തൽ മേള കൂടുതൽ ആകർഷകമാക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് ഞായറാഴ്ച നടക്കുന്ന ബ്ലോഗർമാരുടെ പട്ടം പറത്തൽ സംഘടിപ്പിക്കുന്നത്.