തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവാഘോഷങ്ങൾ ഒഴിവാക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ദേവസ്വം ബോർഡ് ഉത്തരവിറക്കി.
പറ എടുക്കാൻ വീടുകളിൽ പോകില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോർഡ് നിർദേശം നൽകി.
Read Also: പൊന്നുവിളയണ സീസണായിരുന്നു, സാമ്പത്തിക പ്രതിസന്ധി താങ്ങാൻ പറ്റുന്നില്ല; ആനയുടമകൾ
നിലവില്‍, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം പാലിക്കൽ, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.
ജനുവരി പകുതിയോടെയാണ് അടുത്ത പൂരം സീസൺ ആരംഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ പൂരം സീസണും ഏറെ പ്രതിസന്ധിയിലായി. തൃശൂർ പൂരമടക്കം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉത്സവങ്ങളെല്ലാം ആചാരങ്ങളിൽ ചുരുങ്ങി. നിലവിലെ കോവിഡ് പ്രതിസന്ധി തുടർന്നാൽ മറ്റ് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ഉത്സവങ്ങളും പൂർണമായി ഒഴിവാക്കേണ്ടിവരും.