തിരുവനന്തപുരം: ശബരിമലയിലേക്ക് വിശ്വാസികളുടെ വരവ് കുറഞ്ഞ പശ്ചാത്തലത്തില്‍, കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കാന്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ ഉള്‍ക്കൊള്ളിച്ച് പരസ്യമിറക്കാനുള്ള നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്.

സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ്, മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി ക്ഷേത്രം തുറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ കുറവ് നേരിടുന്നത്. സാധാരണ ഗതിയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടക തിരക്ക് അനുഭവപ്പെടുന്ന കാലമാണിത്.

ശബരിമലയിലെ ഏറ്റവും പുതിയ സംഭവിവികാസങ്ങള്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ഭക്തരില്‍ ഭയം സൃഷ്ടിച്ച സാഹചര്യത്തില്‍, ഈ പ്രശ്‌നം പരിഹരിക്കാനാണ് സെലിബ്രിറ്റികളെ വച്ച് പരസ്യം ഒരുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ആലോചന.

എന്നാല്‍ ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നത് ഡിസംബര്‍ മൂന്നാം തിയ്യതിയായിരിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥർ പറയുന്നു.

‘സെലിബ്രിറ്റികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ചില പരസ്യങ്ങള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷെ അന്തിമ തീരുമാനമെടുക്കുന്നത് ഡിസംബര്‍ മൂന്നിനായിരിക്കും,’  ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെ വലതുപക്ഷ സംഘടനകളുടെ ഭാഗത്തു നിന്നും വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നവംബര്‍ 17ന് ആരംഭിച്ച രണ്ടു മാസത്തെ തീര്‍ത്ഥാടന കാലത്തെ ഇത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

സെപ്തംബര്‍ 28നാണ് യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അന്നു മുതല്‍ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. എന്നാൽ പൊലീസ് നടപടി ശക്തമായതോടെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധം അവസാനിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഹൈക്കോടതി ശരിവച്ചിരുന്നു.​എന്നാൽ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഈ മാസം നാലാം തീയതി വരെ നിരോധനാജ്ഞ നിലവിലുണ്ട്.  മണ്ഡലകാലം മുഴുവനും നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന ഭക്തരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ധനവുണ്ട്. ഒപ്പം, ക്ഷേത്രത്തിലെ പ്രസാദമായ അപ്പവും അരവണയും വിറ്റു പോകുന്നതും കൂടിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം വരെ 75,000ത്തില്‍ അധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഇത് 61,000 ആയിരുന്നു. അതിന്റെ അര്‍ത്ഥം ഭക്തരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട് എന്നാണ്.’

കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരെക്കാള്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഭക്തര്‍ എത്തുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.