തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഇന്ന് തീരുമാനം എടുക്കും. ഇന്ന് തിരുവനന്തപുരത്താണ് ബോർഡ് യോഗം ചേരുന്നത്. റിവ്യൂ ഹർജി നൽകാമെന്ന തീരുമാനമെടുക്കാൻ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിവ്യൂ ഹർജി നൽകുന്ന കാര്യം ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തുലമാസ പൂജക്ക് മുൻപ് ദേവസ്വം ബോര്‍ഡ് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം, യോഗക്ഷേമസഭ, അയ്യപ്പസേവാസമാജം, അയ്യപ്പസേവസംഘം എന്നിവരാണ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയത്.

നിയമോപദേശം കൂടി പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ ബോർഡ് തീരുമാനം എടുക്കും. വിശ്വാസികളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സമവായ സൂചനയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണമെന്ന ആവശ്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. എന്നാൽ പുനഃപരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചാലും സമരം പിൻവലിക്കാമെന്ന് ഇതുവരെ സമരക്കാർ പറഞ്ഞിട്ടില്ല. ഇത് വിശ്വാസികൾ തീരുമാനിക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook