കൊച്ചി: പത്തു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കൃഷ്ണൻ-ജയ ദമ്പതികൾക്ക് ഒരു മകൻ പിറന്നത്. അവർ അവനെ ഓമനിച്ചു വളർത്തി. വളർന്നപ്പോൾ ഏതൊരു മാതാപിതാക്കളെയുംപോലെ മകന്റെ വിവാഹത്തിനായി അവരും കൊതിച്ചു. 30-ാം വയസ്സിൽ മകന്റെ വിവാഹം നടത്തി. പതിനൊന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ മകൻ വിവാഹം ബന്ധം വേർപെടുത്തി. അധികം വൈകാതെ തന്നെ ആ മാതാപിതാക്കൾ മറ്റൊരു സത്യവും തിരിച്ചറിഞ്ഞു. തങ്ങളുടെ മകൻ ഒരു ട്രാൻസ്ഡെൻഡറാണ്. സ്വന്തം മകൻ ട്രാൻസ്ജെൻഡറാണെന്ന് അറിയുന്നത് ഒരമ്മയ്ക്കും ചിലപ്പോൾ സഹിക്കാനാവില്ല. വിജയരാജ മല്ലിക എന്ന ട്രാൻസ്ജെൻഡറിന്റെ ജീവിതത്തിലും ഇത് സംഭവിച്ചപ്പോൾ ഏറ്റവും വേദനിച്ചത് അമ്മ ജയ കൃഷ്ണനായിരുന്നു.

മകൻ നാടുവിട്ട് മുംബൈയിലേക്ക് പോയി. എല്ലാ വേദനകളും കൂടി താങ്ങാനാകാതെ അമ്മയുടെ ഹൃദയത്തിന്റെ പ്രവർത്തനം തന്നെ തകരാറിലായി. പിന്നീട് അവരുടെ ജീവിതം സ്പന്ദിച്ചത് പേസ്‌മേക്കറിന്റെ സഹായത്തോടെയാണ്. വർഷങ്ങൾ കടന്നുപോയി. ഒരിക്കൽ ട്രാൻസ്ജെൻഡറായ മകനെ സ്വീകരിക്കാൻ വിസമ്മതിച്ച അമ്മ ഇന്ന് വിജയരാജ മല്ലികയെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു. വിജയരാജ മല്ലികയ്ക്കു മാത്രമല്ല മറ്റേതൊരു ട്രാൻസ്ജെൻഡറിനും സന്തോഷം പകരുന്ന നിമിഷമാണിത്. ഏറെ കാലത്തിന് ശേഷം മാർച്ച് 26 ന് തൃശൂരിലെ വീട്ടിൽ പോയപ്പോഴാണ് അമ്മയുടെ സ്നേഹം വിജയരാജ മല്ലിക അനുഭവിച്ചത്. എല്ലാ മാസങ്ങളിലും അച്ഛനെ കാണാൻ വീട്ടിൽ പോകാറുണ്ടായിരുന്നു. അച്ഛൻ ഒരിക്കലും മല്ലികയെ തള്ളിപ്പറഞ്ഞിരുന്നില്ല. പക്ഷേ അപ്പോഴൊന്നും ജയ വിജരാജ മല്ലികയെ അംഗീകരിക്കാൻ തയാറായിരുന്നില്ല. ഈയടുത്ത ദിവസങ്ങളിലാണ് അമ്മയും എല്ലാ യാഥാർത്ഥ്യവും ഉൾക്കൊണ്ട് മല്ലികയെ ചേർത്ത് പിടിച്ചത്.

കേരളത്തിലെ സമൂഹം വലിയൊരു സാമൂഹിക യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ തയാറാകുന്നതിന്റെ ഒടുവിലത്തെ അടയാളമാണ് വിജയരാജ മല്ലികയ്ക്ക് അമ്മയിൽ നിന്ന് ലഭിക്കുന്ന പിന്തുണ. പ്രധാന അധ്യാപികയായി വിരമിച്ച ജയയ്ക്ക്  2006 ൽ മാതൃകാ അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

“ഞാനിപ്പോൾ ശരിക്കും ജയിച്ചിരിക്കുന്നു. ഏതൊരു വ്യക്തിയെയും കുടുംബം അംഗീകരിച്ചാൽ മാത്രമേ സമൂഹം നൽകുന്ന പിന്തുണയും അർത്ഥവത്താകൂ. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വിജയമാണ് ഈ സ്വീകാര്യത. മറ്റെന്തിനെക്കാളും വിലയുള്ളതായാണ് ഞാൻ അമ്മയുടെ സ്നേഹത്തെ കാണുന്നത്.” അമ്മ സ്വീകരിച്ചതിനെക്കുറിച്ചുളള വിജയരാജ മല്ലികയുടെ വാക്കുകൾ.

“അമ്മ ഒരുപാട് നേരം കരഞ്ഞു. എനിക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന സങ്കടമായിരുന്നു അമ്മയ്ക്ക്. ഇപ്പോ എനിക്ക് ഫ്ലാറ്റ് വാങ്ങിത്തരണമെന്നും കാർ വാങ്ങിത്തരണമെന്നും സ്വർണം വാങ്ങിത്തരണമെന്നുമെല്ലാമുള്ള ആഗ്രഹത്തിലാണ് അമ്മ” മല്ലിക പറഞ്ഞു.

ഒരു ബന്ധുവിന്റെ ഇടപെടലിനെ തുടർന്നാണ് കാര്യങ്ങളെല്ലാം മനസിലാക്കിയാണ് ആ അമ്മവിജയരാജ മല്ലികയായുളള മാറ്റത്തെ ഉൾക്കൊണ്ടത്. തിരുവനന്തപുരം തൈക്കാടിലുളള മല്ലികയുടെ അടുത്ത ബന്ധുവായ ഡോക്ടറെ ഫോണിൽ വിളിച്ചത്, കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയരാജ മല്ലികയെ പരിചരിച്ച ഡോക്ടറാണ്. ഇരുവരും തമ്മിൽ വിജയരാജ മല്ലികയുടെ ജനിതക ഘടനയെ പറ്റിയും ശാരീരക പ്രയാസങ്ങളെ പറ്റിയും സുദീർഘമായി സംസാരിച്ചു. ബന്ധുവായ ഡോക്ടറാണ് അമ്മ ജയയോട് ഇക്കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തത്.

Transgender, Vijayaraja Mallika, mother accepted transgender, ട്രാൻസ്ജെന്റർ, ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ്, വിജയരാജ മല്ലിക, ട്രാൻസ്ജെന്റർ അമ്മ

ട്രാൻസ്ജെന്റർസിനായി പഠനകേന്ദ്രം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ വിജയരാജ മല്ലിക സംസാരിക്കുന്നു

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കൊച്ചിയിൽ ഇവരുടെ വിദ്യാലയം ആരംഭിക്കുന്നതിന് മുൻകൈയെടുത്തത് മല്ലികയാണ്. ഈ ആശയം വിജയരാജ മല്ലികയുടെ മനസ്സിൽ തന്നെയാണ് ഉദിച്ചതും. വിദ്യാഭ്യാസത്തിലൂടെ ട്രാൻസ്ജെന്റർ വിഭാഗക്കാരെ സമൂഹത്തിൽ മുന്നണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

Transgender, Vijayaraja Mallika, mother accepted transgender, ട്രാൻസ്ജെന്റർ, ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ്, വിജയരാജ മല്ലിക, ട്രാൻസ്ജെന്റർ അമ്മ

സഹജ് ഇന്റർനാഷണൽ ആൾട്ടർനേറ്റീവ് ലേണിംഗ് സെന്റർ കൽക്കി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യുന്നു. വിജയരാജ മല്ലിക പിന്നണിയിൽ

സഹജ് ഇന്റർനാഷനൽ ഓൾട്ടർനേറ്റീവ് ലേണിങ് സെന്റർ എന്ന പേരിൽ തുടങ്ങിയ ഈ സംരംഭം ഉദ്ഘാടനം ചെയ്തത് കൽക്കി സുബ്രഹ്മണ്യം ആയിരുന്നു. 2016 ഡിസംബർ 30 ന് പ്രവർത്തനം തുടങ്ങിയ ശേഷം സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ പറ്റി ബോധവത്കരണം നടത്താൻ ശക്തമായി പരിശ്രമിക്കുന്നുണ്ട് ഇവർ. ഇന്ത്യയിലെ തന്നെ ട്രാൻസ്ജെൻഡേഴ്സിനായുള്ള ആദ്യത്തെ വിദ്യാലയമാണ് മല്ലികയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സ്ഥാപിച്ചത്.

ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് താനെന്ന് വ്യക്തമാക്കിയ മല്ലിക, “എന്റെ വ്യക്തിത്വം അംഗീകരിക്കുന്ന, മനസറിഞ്ഞ് എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കൂടി ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും” പറഞ്ഞു. “ഇപ്പോൾ എനിക്ക് 32 വയസുണ്ട്. 2014 ലാണ് എന്റെ വിവാഹം നടന്നത്. അന്നുവരെ ഞാനൊരു പുരുഷനായാണ് ജീവിച്ചത്. പതിനൊന്ന് മാസങ്ങൾക്ക് ശേഷം ആ വിവാഹ ബന്ധം വേർപെട്ടു. പിന്നീടാണ് ഞാൻ മുംബൈയിലേക്ക് പോയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതേ അവസ്ഥയിൽ അമ്മ തന്നെ സ്വീകരിക്കുന്നതെന്ന് ഓർക്കുമ്പോൾ വളരെയധികം അഭിമാനം അമ്മയെ കുറിച്ച് തോന്നുന്നുവെന്ന് മല്ലിക പറഞ്ഞു.

അമ്മ തന്നെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മല്ലിക. ഇതോടെ സഹജ് ഇന്റർനാഷനൽ ആൾട്ടർനേറ്റീവ് ലേണിങ് സെന്റർ, അമ്മമാരായ 20 ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് മാതൃസംഗമം പരിപാടി നടത്തി. അമ്മ തന്നോട് പറഞ്ഞ വാക്കുകളാണ് ഇതിന് പ്രചോദനമായതെന്ന് മല്ലിക പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ