scorecardresearch

വാഹനങ്ങളിലെ വേഗപ്പൂട്ടുകളില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും: ഗതാഗത മന്ത്രി

വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്താന്‍ സഹായിക്കുന്ന വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കെതിരെയും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം

വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്താന്‍ സഹായിക്കുന്ന വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കെതിരെയും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം

author-image
WebDesk
New Update
Antony Raju, LDF,motor,vehicle

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളിലെ വേഗപ്പൂട്ടുകളില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.

Advertisment

ഇനിമുതല്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി ചേര്‍ന്നായിരിക്കും പരിശോധന. ഏകീകൃതമായ കളര്‍ കോഡ് പാലിക്കാത്ത ബസുകള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ രൂപമാറ്റങ്ങളില്‍ 10,000 രൂപ വരെ പിഴ ഈടാക്കും.

വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്താന്‍ സഹായിക്കുന്ന വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കെതിരെയും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇനിമുതല്‍ പരിശോധനയുണ്ടാകുമെന്നാണ് വിവരം. നവംബര്‍ ഒന്ന് മുതല്‍ എല്ലാ ആഴ്ചകളിലും അവലോകന യോഗങ്ങളുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം, വടക്കഞ്ചേരിയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നില്‍ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നും മന്ത്രി അറിയിച്ചു. വേഗത നിയന്ത്രിക്കാനുള്ള ഉപകരണം വാഹനത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും ഇതു ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. വാഹനങ്ങളിലെ അധിക സംവിധാനങ്ങളില്‍ കര്‍ശനമായി കോടതി വിലക്കി. നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങള്‍ പാടില്ലെന്ന മുന്‍ ഉത്തരവ് നടപ്പാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിയമവിരുദ്ധ സംവിധാനങ്ങളുള്ള ഇത്തരം വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ കാണരുതെന്ന കര്‍ശന നിലപാടും ഡിവിഷന്‍ ബഞ്ച് സ്വീകരിച്ചു. നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണം. ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലിടിച്ച് അപകടം നടന്നത്. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും അപകടത്തില്‍ മരിച്ചു. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍.

Bus Accident Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: