scorecardresearch
Latest News

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുന്നത് പരിഗണനയില്‍: ഗതാഗത മന്ത്രി

രാത്രികാല ബസ് യാത്രാ നിരക്ക് വ്യത്യാസപ്പെടുത്തേണ്ടതായി വരുമെന്നും ഗതാഗത മന്ത്രി പറഞ്ഞു

antony raju, cpm, ie malayalam

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുടുംബ വരുമാനത്തിന് ആനുപാതികമാക്കി വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് മാറ്റേണ്ടി വരുമെന്നും ആന്റണി രാജു വ്യക്തമാക്കി.

“രാത്രികാല സര്‍വീസുകളുടെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തിയാല്‍ മാത്രമെ ബസുടമകള്‍ക്ക് യഥാസമയം വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കു. പകലും രാത്രിയും രണ്ട് നിരക്കാണെങ്കില്‍ മാത്രമെ രാത്രി സര്‍വീസിന് ബസുടമകള്‍ തയാറാകുകയുള്ളു. അതിനാല്‍ രാത്രികാല നിരക്ക് വ്യത്യാസപ്പെടുത്തേണ്ടതായി വരും,” ഗതാഗത മന്ത്രി പറഞ്ഞു.

“രാമചന്ദ്രന്‍ കമ്മിറ്റി യാത്രാ നിരക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് 10 രൂപയും കിലോ മീറ്ററിന് 90 പൈസയും വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയും കണ്‍സഷന്‍ 50 ശതമാനവുമാക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം. എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമായിരിക്കും തീരുമാനം,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

“സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ സാമ്പത്തികമായി ഉയര്‍ന്നവരുടെ യാത്രാ നിരക്കിലും മാറ്റമുണ്ടാകും. ഇപ്പോള്‍ നാല് തരത്തിലുള്ള റേഷന്‍ കാര്‍ഡുകളാണുള്ളത്. അത് അനുസരിച്ചായിരിക്കും നിരക്കുകളും. മുഖ്യമന്ത്രിയുമായി ഇത്തരം നിര്‍ദേശങ്ങള്‍ ആലോചിക്കും,” മന്ത്രി വ്യക്തമാക്കി.

Also Read: കെ റെയില്‍ പദ്ധതി അനുവദിക്കരുതെന്ന് യുഡിഎഫ് എംപിമാര്‍; നാളെ റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Transport minister antony raju on bus ticket fare