തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധയോടും ഉദാസീനതയോടും വാഹനമോടിച്ചതാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നിയമസഭയിൽ പി.കെ.ബഷീറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് നൽകിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രേഖാമൂലം മറുപടി നൽകി. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോയെന്നത് സംബന്ധിച്ച സൂചനകളൊന്നും മന്ത്രിയുടെ മറുപടിയിലില്ല.
അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചു. സർവീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സർക്കാർ സസ്പെന്‍റ് ചെയ്തിരുന്നു. ശ്രീറാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
ഓഗസ്റ്റ് മൂന്നിനുണ്ടായ അപകടത്തിലാണ് ബഷീർ മരിക്കുന്നത്. ശ്രീരാം വെങ്കിട്ടരാമൻ ഉപയോഗിച്ച കാർ ബഷീറിന്റെ ബൈക്കിലിടിച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകിയെന്നുമാണ് ആരോപണം. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്‍റെ വിശദീകരണം.
അതേസമയം സംസ്ഥാനത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ സഭയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 26 മുതലാണ് പുതിയ നിയമപ്രകാരം പിഴ ഈടാക്കി തുടങ്ങിയത്.