തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും വടക്കൻ ജില്ലകളിലേയ്ക്കും തിരിച്ചും എംസി റോഡ്, ദേശീയപാത വഴി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് ഇടത്താവളം ഇനി അങ്കമാലിയിൽ. അങ്കമാലിയിൽ ബസിലെ ക്രൂ മാറിയ ശേഷമായിരിക്കും യാത്ര തുടരുക. പദ്ധതി എങ്ങനെയെന്നറിയാം.
പുതിയ പദ്ധതി എന്ത് ?
സിംഗിള്‍ ഡ്യൂട്ടി ദീര്‍ഘദൂര സര്‍വീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരം. ഇപ്പോൾ തിരുവനന്തപുരത്തുനിന്നു കോഴിക്കോട് വരെ എത്താനുളള യാത്രാസമയം 13- 14 മണിക്കൂറാണ്. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസുകളും അങ്കമാലിയിലെത്തി ക്രൂ ചേഞ്ചിന് ശേഷം യാത്ര തുടരുന്നു, അല്ലെങ്കിൽ മറ്റൊരു ബസിലേയ്ക്ക് മാറി യാത്ര നടത്തുന്നു.
മറ്റൊരു ബസിൽ ജീവനക്കാർ തന്നെ എത്തിക്കുമോ ?
എപ്പോഴും ബസ് മാറുകയില്ല. ക്രൂ ആണ് മാറുന്നത്. അങ്കമാലിയിലേക്ക് വരുന്ന ബസിൽ തന്നെ അവിടെ നിന്നും യാത്ര തുടരാം. അപ്പോൾ ബസിലെ ജീവനക്കാരാണ് മാറുന്നത്. ചിലപ്പോൾ ബസ് മാറും. അങ്ങനെയുള്ള സാഹചര്യത്തിൽ ജീവനക്കാർ തന്നെ ലഗേജും മറ്റു സാധനങ്ങളും രണ്ടാമത്തെ ബസിൽ എത്തിക്കാൻ സഹായിക്കും. അതേ മോഡൽ ബസിൽ തന്നെയാണ് യാത്ര തുടരുന്നതെങ്കിൽ സീറ്റ് നമ്പറിന്റെ കാര്യത്തിലും ആശയക്കുഴപ്പം ഉണ്ടാകില്ല.
മാറുന്ന ബസിലും സീറ്റ് ഉറപ്പാക്കുമോ ?
യാത്രക്കാര്‍ റിസര്‍വ് ചെയ്ത അതേ സീറ്റ് തന്നെ അടുത്ത ബസിലും അവര്‍ക്ക് ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റുകയുളളു.
റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ സീറ്റ് ഉറപ്പാക്കാൻ കഴിയുമോ?
ദീർഘദൂര മുഴുവൻ റിസർവേഷൻ ഉള്ള ബസുകളിലാണ് മാറ്റം വരുന്നത്. യാത്ര ചെയ്യുന്നവർ ഓൺലൈനായോ അല്ലാതെയോ സീറ്റ് റിസർവ് ചെയ്തവരായിരിക്കും. ചെറിയ ദൂരം യാത്ര ചെയ്യുന്നവർ ഈ ബസുകളിൽ ഉണ്ടായിരിക്കില്ല.
ട്രാൻസിറ്റ് ഹബ്
തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഇതിന് മുൻപ് ക്രൂ ചേഞ്ച് നടത്തിയിരുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുളള സൗകര്യം ട്രാന്‍സ് ഹബ് വരുന്നതോടെ നടപ്പാക്കും. കെഎസ്ആര്‍ടിസിയുടെ തന്നെ കെട്ടിടത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
13 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് ഇതോടെ കുറയും. യാത്രക്കാർക്കും വിശ്രമിക്കാനുള്ള സമയം ലഭിക്കും. മൂന്നു കോടി രൂപ ചെലവ് വരുന്ന പദ്ധതി നാല് മാസത്തിനുള്ളിൽ നടപ്പിലാകും.