തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്ജെൻഡേഴ്സിന് നേരെ വീണ്ടും ആക്രമം. വിനീത, അളകനന്ദ എന്നിവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. അത് ചോദ്യം ചെയ്യാന്‍ പോയ സൂര്യയ്ക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി. അരുവിക്കര ജിവിയുപി സ്കൂളിന് പിന്‍വശത്ത് വച്ചായിരുന്നു മര്‍ദ്ദനം.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശിവാങ്കിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോഴാണ് ട്രാൻസ്ജെൻഡേഴ്സിന് നേരെ മര്‍ദ്ദനം ഉണ്ടായത്. പുഷ്പരാജ് എന്നയാളാണ് അപമര്യാദയായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത് എന്ന് സൂര്യ ആരോപിക്കുന്നു,

“ആദ്യം വിനീതയ്ക്കും അളകനന്ദയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. അവരുടെ മൊബൈലും പേഴ്സും തട്ടിപ്പറിക്കാനും നോക്കി. വിവരം അറിഞ്ഞ് അത് ചോദിക്കാന്‍ ചെന്ന എന്നെയും അയാള്‍ കൈയ്യേറ്റം ചെയ്തു. ആക്രമിച്ചു എന്ന് മാത്രമല്ല എന്റെ തുണിയഴിക്കുകയും ചെയ്തു. ” ട്രാൻസ്ജെൻഡേഴ്സ് ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയായ സൂര്യ ആരോപിച്ചു.

‘നിങ്ങളെയൊക്കെ എനിക്കറിയാം’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം എന്ന് സൂര്യ പറഞ്ഞു. “ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് ഇത്തരം അക്രമങ്ങള്‍. അരുവിക്കര സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടിട്ടുണ്ട്.” കേരളത്തില്‍ ട്രാൻസ്ജെൻഡേഴ്സിന് നേരെ നടക്കുന്ന ആക്രമങ്ങളില്‍ അറുതിവരുത്തിയേ മതിയാകൂ എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് സൂര്യ പറഞ്ഞു നിര്‍ത്തി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷം മാറിവന്ന ആളെന്നാരോപിച്ച് ട്രാൻസ്ജെൻഡറിനെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടതിന് തൊട്ടടുത്ത ദിവസമാണ് അരുവിക്കരയിലെ സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ