തിരുവനന്തപുരം: ശബരിമലയിൽ ട്രാൻസ്ജെൻഡറുകളുടെ നാലംഗ സംഘം ദർശനം നടത്തി. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്തിയത്. രാവിലെ എട്ടരയോട് കൂടി പമ്പയിലെത്തിയ സംഘം പൊലീസ് സംരക്ഷണത്തോടുകൂടിയാണ് മല കയറിയത്.
കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സ് സംഘത്തെ എരുമേലിയിൽ വച്ച് പൊലീസ് തടഞ്ഞിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പൊലീസ് ആവശ്യപ്പെട്ടത്.
ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. ഇതേതുടർന്ന് ഹൈക്കോടതി നിരീക്ഷക സമിതിയെ സമീപിച്ചാണ് ഇവർ ദർശനത്തിന് അനുമതി വാങ്ങിയത്. ശബരിമലയിൽ ട്രാൻസ്ജെൻഡേഴ്സ് പ്രവേശിക്കുന്നതിനു തടസമില്ലെന്നു തന്ത്രിയും പന്തളം കൊട്ടാരവും വ്യക്തമാക്കുകയായിരുന്നു.
സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇപ്പോൾ ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്നലെ അർദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീർത്ഥാടകർ മലചവിട്ടി. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയാണ്.