പത്തനംതിട്ട: ശബരിമല ദർശനത്തിന് ട്രാൻസ്ജെൻഡറുകൾക്ക് അനുമതി. നാലുപേർക്കാണ് പൊലീസ് അനുമതി നൽകിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ട്രാൻസ്ജെൻഡറുകൾക്ക് മല ചവിട്ടാൻ വഴിയൊരുങ്ങിയത്.
ഇന്നലെ ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറുകളെ എരുമേലിയിൽ പൊലീസ് തടഞ്ഞിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരാണ് ദർശനത്തിനായി എത്തിയത്. ഇവരെ പൊലീസ് തടയുകയും തിരിച്ച് അയയ്ക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഡിജിപി ഹേമചന്ദ്രനെയും ഐജി മനോജ് എബ്രഹാമിനെയും കണ്ടിരുന്നു.
ആണ്‍ വേഷം മാറി ശബരിമലയിലേക്ക് പോവാമെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെന്ന് അനന്യ ഇന്നലെ പറഞ്ഞിരുന്നു. പിന്നീട് വേഷം മാറാന്‍ തയ്യാറായപ്പോള്‍ പോകാന്‍ അനുമതി നിഷേധിച്ചതായും ഇവര്‍ ആരോപിച്ചു. ‘ഞങ്ങള്‍ വേഷം മാറിയതിന് ശേഷം ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ പൊലീസ് അനുമതി തന്നില്ല. മോശമായാണ് പൊലീസ് പെരുമാറിയത്. മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്,’ അനന്യ പറഞ്ഞു.