തിരുവനന്തപുരം: സാമൂഹിക സാംസ്കാരിക മാറ്റങ്ങളുടെ മറ്റൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സാക്ഷരത മിഷൻ. സംസ്ഥാനത്താകമാനം സാക്ഷരത മിഷന്റെ ‘സമന്വയ’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് തുല്ല്യത പരീക്ഷ എഴുതുന്നത് 25 ട്രാൻസ് വ്യക്തികളാണ്. ഈ മാസം 7ന് ആരംഭിച്ച പരീക്ഷ 28ന് അവസാനിക്കും.

ജീവിതത്തിൽ ആഗ്രഹിച്ച പരിഗണനയും കണ്ട സ്വപ്നങ്ങളും സഫലമാകുന്നതിന്റെ ആഹ്ലാദത്തിലാണ് ട്രാൻസ് പേഴ്സൺസ്. തങ്ങളെ കാണാനെത്തിയ സാക്ഷരത മിഷൻ ഡയറക്ടർ ഡോ പിഎസ് ശ്രീകലയോട് അത് തുറന്ന് പറയുമ്പോഴും അവരുടെ കണ്ണുകളിൽ നിന്ന് അത് വ്യക്തമായിരുന്നു.

“എന്റെ ടീച്ചറേ.. ഒറ്റപ്പെടുത്തലിൽ നിന്നും ബന്ധുക്കളും പൊതു സമൂഹവും മാറിവരുന്നു. എല്ലാത്തിനും കാരണം ടീച്ചറാണ്. ഞങ്ങൾക്കുമുണ്ട് ചെറിയ ആഗ്രഹങ്ങളും മോഹങ്ങളും , ഒപ്പം ജീവിതവും.” 36കാരി അസ്മയ നിറകണ്ണുകളോടെ സാക്ഷരത മിഷൻ ഡയറക്ടറോട്  പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം 17242 പേരാണ് സമന്വയ പദ്ധതിയിലൂടെ സംസ്ഥാനത്ത് മൊത്തം പത്താം ക്ലാസ് തുല്ല്യത പരീക്ഷ എഴുതുന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ട്രൻസ് പേഴ്സൺസ്  പരീക്ഷ എഴുതുന്നത്. ഒമ്പത് പേരാണ് കൊല്ലം ജില്ലയിൽ മാത്രം പരീക്ഷ എഴുതുന്നത്.കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ രണ്ട് പേർ വീതവും പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, തൃശ്ശുർ എന്നീ ജില്ലകളിൽ നിന്ന് ഒരാൾ വീതവുമാണ് ട്രാൻസ് പേഴ്സൺസ്  വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.

സമന്വയ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മാത്രം സംസ്ഥാനത്ത് 145 ട്രാൻസ് പേഴ്സൺസ്  സാക്ഷരത മിഷന്റെ തുല്ല്യത വിഭാഗങ്ങളിൽ പടനം നടത്തുന്നത്. പത്താം ക്ലാസിന് പുറമെ നാല്, ഏഴ്, ഹയർസെക്കണ്ടറി വിഭാഗങ്ങളിലും പഠിക്കുന്നു. നേരത്തെ സാക്ഷരത മിഷൻ നടത്തിയ സർവ്വേയിൽ 918 ട്രാൻസ് പേഴ്സൺസ്  പഠിക്കാൻ സന്നദ്ധത അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.