കോഴിക്കോട്: ട്രാന്‍സ് യുവതിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്.
ട്രാന്‍സ് കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ വിളിച്ചു വരുത്തിയാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ് ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സിസിലി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളള്‍ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.