ആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാൻസ്ജെൻഡറുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വനിത എഎസ്ഐയ്ക്ക് സസ്‌പെൻഷൻ. ആലപ്പുഴ വനിതാ ഹെൽപ്‌ലൈനിലെ എഎസ്ഐ ആർ.ശ്രീലതയെയാണ് സസ്പെൻഡ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യങ്ങൾ ലഭിച്ചത് ആർക്കെല്ലാമാണെന്ന് സൈബർ സെൽ അന്വേഷിക്കും.
പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് ആലപ്പുഴ സ്വദേശിയായ ട്രാൻസ്ജെൻഡറെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ട്രാൻസ്ജെൻഡറിന്റെ നഗ്നദൃശ്യങ്ങൾ പൊലീസുകാർ മൊബൈലിൽ പകർത്തുകയായിരുന്നു. അതിനുശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
സ്റ്റേഷനകത്തുവച്ചുളള ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുളളത്. മദ്യപിച്ച് ലക്കുകെട്ട് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്ന സ്ത്രീ എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ നടപടി ഉണ്ടായത്.