കൊച്ചി: നമ്മൾ പത്തൊൻപതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണമെന്ന് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ പെൺകുട്ടിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ കേന്ദ്ര നിലപാടിലാണ് കോടതിയുടെ പരാമരം.
ലോകം പുരോഗമിക്കുമ്പോൾ നിങ്ങൾക്ക് പത്തൊൻപതാം നൂറ്റാണ്ടിൽ തുടരാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെൻഡേഴ്‌സും മനുഷ്യാരാണെന്ന് ഓർമ്മിപ്പിച്ച കോടതി കേന്ദ്ര നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഹർജിക്കാരി ട്രാൻസ്‌ജെൻഡർ ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്ന തടസവാദം എൻസിസി ഉന്നയിച്ചതിനെയും കോടതി വിമർശിച്ചു.
Read Also: Kerala Weather: ‘ബുറെവി’ ചുഴലിക്കാറ്റ്: തെക്കൻ കേരളത്തിൽ ‘പ്രീ സൈക്ലോൺ വാച്ച്’ മുന്നറിയിപ്പ്, ജാഗ്രത
പെൺകുട്ടി എന്ന നിലയിലാണ് പ്രവേശനം നേടിയതെന്ന് ഹർജിക്കാരി തന്നെ പറയുമ്പോൾ അംഗീകരിക്കാൻ എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു. സർക്കാർ നിലപാട് നിർഭാഗ്യകരമാണ്. പുരോഗമന സർക്കാരിൽ നിന്ന് ഈ സമീപനമല്ല വേണ്ടത്. പെൺകുട്ടിക്ക് പ്രവേശനം നൽകാൻ കേന്ദ്ര സർക്കാരിന് ചട്ടങ്ങൾ ഭേദഗതി ചെയ്യാവുന്നതേയുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു.
വിവേചനം ഇല്ലെന്നും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും എൻസിസി ആവശ്യപ്പെട്ടു. നിലപാടറിയിക്കാൻ പ്രതിരോധ മന്ത്രാലയവും സമയം തേടി.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
എൻസിസിയിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും അവസരം നിഷേധിച്ചെന്നാണ് പരാതി. കേസ് തീരും വരെ പ്രവേശനം നീട്ടിയതായി എൻസിസി അറിയിച്ചു.