കൊച്ചി: ഭിന്നലിംഗക്കാർക്കുനേരെ കൊച്ചിയിൽ സദാചാര ഗുണ്ടായിസം. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യയ്ക്കും സുഹൃത്തുക്കൾക്കും നേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പത്തോടെ കോൺവെന്റ് റോഡിൽവച്ചായിരുന്നു സംഭവം.

സുഹൃത്തുക്കൾക്കൊപ്പം ഷോപ്പിങ് കഴിഞ്ഞശേഷം വാഹനം കാത്തുനിൽക്കുന്പോഴാണ് ആക്രമണമുണ്ടായതെന്ന് അനന്യ ഐഇ മലയാളത്തോട് പറഞ്ഞു. കോൺവെന്റ് റോഡിലുളള ബിൽഡിങ്ങിനു മുൻപിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്നു. ആ സമയം ഒരാൾ ബൈക്കിൽ എന്റെ സുഹൃത്തുക്കളുടെ സമീപം എത്തി. ബൈക്കിലിരിക്കുകയായിരുന്ന എന്റെ സുഹൃത്ത് ശ്രേയസിനോട് നിന്റെ പേരെന്താ, വീട് എവിടെയാ എന്നു ചോദിച്ചു. ശ്രേയസ് അതിനു മറുപടി നൽകി. അപ്പോൾ അയാൾ ശ്രേയസിനെ രൂക്ഷമായി നോക്കി. എന്തിനാ ചേട്ടാ നോക്കുന്നതെന്നു ശ്രേയസ് ചോദിച്ചു. അപ്പോൾ അയാൾ നിനക്ക് ഇപ്പോൾ പറഞ്ഞുതരാമെന്നു പറഞ്ഞ് വാഹനം മാറ്റിവച്ചശേഷം ശ്രേയസിന്റെ അടുത്തെത്തി ചെകിട്ടത്തടിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു.

Read More: സദാചാ‍ര പൊലീസ് ഉണ്ടാകുന്നത്

ഈ സമയം ഫോൺ ചെയ്ത് മാറിനിൽക്കുകയായിരുന്നു ഞാൻ. ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്. ശ്രേയസിനെ അയാൾ തല്ലുന്നതാണ് അപ്പോൾ കണ്ടത്. ഉടൻ ഞാൻ ഓടി അടുത്തെത്തി. ചോദ്യം ചെയ്തപ്പോൾ എന്റെ കഴുത്തിൽ ആഞ്ഞടിച്ചു. എന്നെ കയറിപ്പിടിച്ചു. അതിനുശേഷം മുടിയിൽ കുത്തിപ്പിടിച്ച് കുനിച്ചു നിർത്തിയശേഷം മുതുകിൽ ഇടിച്ചു. ഞാൻ അലറി വിളിച്ചുകൊണ്ട് റോഡിലേക്ക് ഓടി. അപ്പോഴേക്കും അയാളുടെ മൂന്നു സുഹൃത്തുക്കൾ വന്നു. അവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെ പിടിച്ചു മാറ്റുന്നെന്ന വ്യാജേന സുഹൃത്തുക്കൾ പിടിച്ചുവയ്ക്കുകയും മറ്റേയാൾ അടിക്കുകയും ചെയ്തു. അസഭ്യം പറഞ്ഞുകൊണ്ടാണ് തല്ലിയത്.

ഞങ്ങളുടെ ബൈക്ക് തളളി താഴെയിട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൂട്ടം ചേർന്നു ആക്രമിച്ചു. തല്ലുന്നതിനിടയിൽ അയാളെ ഷെമീറേ എന്നു കൂട്ടുകാർ വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് അയാളുടെ പേര് മനസ്സിലായത്. ഇതിനിടയിൽ അയാൾ ബിൽഡിങ്ങിലേക്കു കയറിപ്പോയി. ധരിച്ചിരുന്ന ടീഷർട്ട് മുഴുവൻ വലിച്ചു കീറിയ ശേഷമാണ് പുറത്തേക്കുവന്നത്. ആക്രമണത്തിൽനിന്നും രക്ഷപ്പെട്ട ഞാനും സുഹൃത്തുക്കളും ഓട്ടോയിൽ കയറി ജില്ലാ ആശുപത്രിയിലെത്തി. ഷെമീർ എന്നയാൾ അവിടെയും എത്തി. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും അനന്യ പറഞ്ഞു. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അനന്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തൃശൂരിൽ ഭിന്നലിംഗക്കാർക്കുനേരെ പൊലീസ് ആക്രമണം ഉണ്ടായിരുന്നു. ഇതു വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കൊച്ചിയിലും ഭിന്നലിംഗക്കാർ ആക്രമിക്കപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ