തൃശൂർ: ട്രാൻസ്ജെൻഡർ കവയത്രി വിജയരാജമല്ലിക വിവാഹിതയായി. തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിൽ വച്ചാണ് വിജയരാജമല്ലികയും ജാഷിമും വിവാഹിതരായത്. തൃശൂർ മണ്ണുത്തി സ്വദേശിയായ ജാഷിം പാരാലീഗല്‍ വൊളന്റിയറും ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമാണ്.
തൃശൂര്‍ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാൻസ്‌വുമൺ കവയത്രിയാണ്. വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകൾ’ എന്ന കവിതാസമാഹാരം മദ്രാസ് സർവകലാശാല പാഠപുസ്തകമാക്കിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത -ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്.
ഒരു വര്‍ഷം മുമ്പാണ് വിജയരാജമല്ലികയും ജാഷിമും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഇരുവരും വിവാഹിതരാകുന്നതിന് ജാഷിമിന്റെ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു. ഇതു മറികടന്നാണ് ഇരുവരും ഇന്ന് വിവാഹിതരായത്.
Read Here: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ക്രിക്കറ്റ് കളിക്കാം; ചരിത്ര തീരുമാനവുമായി ഓസ്‌ട്രേലിയ
വിജയരാജമല്ലികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞങ്ങൾ ഹൃദയം കൊണ്ട് ഒന്നായവർ. ഞങ്ങളുടെ ചിറകിൽ പൂർണ വിശ്വാസമുള്ളവർ. എനിക്ക് ഇത് വെറും പ്രണയസാഫല്യമല്ല .പക്ഷെ ജന്മസാഫല്യം .ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നവരുണ്ട് .ഒരു വസന്തസേനൻ വരുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു .ആണുടലിൽ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം .ജീവിതത്തിലേക്ക് കൈപിടിച്ച് കൂടെ നിർത്താൻ ഒരാൾ .എന്റെ വസന്തസേനനെപറ്റി ഞാനേറെപറയണ്ടല്ലോ .എല്ലാം നിങ്ങൾക്കറിയാം .വിവാഹം വേണമെന്ന് മനസ്സിൽ ഉറപ്പിച്ചനാൾ മുതലേ ഉള്ള ആഗ്രഹമായിരുന്നു കൂടെ കൂട്ടാൻ ഒരു ചങ്കുറപ്പുള്ള മനുഷ്യന്.പലപ്പോഴും പലരും ചോദിച്ചു ,ഞങ്ങൾ എങ്ങനെ കണ്ടുമുട്ടി ,എങ്ങനെ അടുത്ത് എന്നൊക്കെ .
2018 ഓഗസ്റ്റിൽ തമ്മിൽ കണ്ടു .കാണുമ്പോൾ ഉള്ളിൽ ഒന്നുമുണ്ടായിരുന്നില്ല .പക്ഷെ ഒരു കരുതൽ സ്നേഹം ഒക്കെ എനിക്ക് അറിയാൻ കഴിഞ്ഞു .പിന്നീട് തമ്മിൽ അടുക്കാൻ കാലമായിട്ടുതന്നെ ധാരാളം സാഹചര്യങ്ങൾ ഉണ്ടാക്കി നൽകിയിരുന്നു .എന്നാൽ അദ്ദേഹത്തിന് ഞാൻ ഒരു കവിയാണെന്നോ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നോ അറിവില്ലായിരുന്നു .എന്റെ കവിസുഹൃത്തുക്കളിൽ ഒരാൾ എന്റെ പേര് എടുത്തു വിളിക്കുന്നത് കേട്ടപ്പോഴാണ് എന്റെ പേര് പോലും മനസിലാക്കുന്നത് .പിന്നീട് ഇന്റർനെറ്റിൽ പേരിനെ പറ്റി കൂടുതൽ അന്വേഷിച്ചത്രേ. വൈകാതെ സാഹിത്യ അക്കാദമിയിലെ മറ്റൊരു പൊതുപരിപാടിയിൽ വച്ചും കണ്ടു. പക്ഷെ ഇത് എന്റെ വസന്തസേനനാണ് എന്നപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല .കരകൾ ഒന്നാകുന്ന പോലെ ഞങ്ങൾ നല്ല കൂട്ടുകാരായി.
പിന്നീട് ഒരുപാട് യാത്രകൾ… ഒരുമിച്ചായി .അച്ഛന്റെ മരണസമയത് എനിക്ക് താങ്ങും തണലുമായി ആ കൈകൾ വളരുന്നുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ഞാൻ ഒറ്റയ്ക്കല്ല എന്നെന്നെ പലപ്പോഴും മനസിലാക്കി നൽകിയത്. ഇദ്ദേഹമായിരുന്നു .പാലക്കാടേക്കുള്ള ഒരു യാത്രയിൽ എനിക്ക് കണ്ണൂരിൽ നിന്നും ഒരു ഐടി ഉദ്യോഗസ്ഥന്റെ വിവാഹ ആലോചന വന്നതും ആ സമയമായിരുന്നു .ആ ഫോൺ കോൾ അറ്റൻഡ് ചെയ്തത് ജാഷിമായിരുന്നു .മല്ലിക അൽപം തിരക്കാണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുകയും ചെയ്തു .ആനവണ്ടിയുടെ ജനലിലൂടെ ഒരു കാറ്റ് ഓടിവന്നെന്റെ തലമുടിയാകെ ഊരി ഉലച്ച നേരം …”ഇനി മല്ലിക വിവാഹം ഒന്നും വേറെ ആലോചിക്കണ്ട …ഞാൻ മല്ലികയെ വിവാഹം കഴിച്ചോളാം …എന്നെ ഇഷ്ടമാണോ …പക്ഷെ എനിക്ക് രണ്ടു വർഷത്തെ സമയം നൽകണം .ഞാൻ ഇപ്പോൾ ഒരു ഫ്രീ ലാൻസറാണ് “.എനിക്കെന്തോ ആദ്യം ഒരു തമാശയായി തോന്നി .കാരണം ഞങ്ങളുടെ വ്യത്യസ്തതകൾ തന്നെയായിരുന്നു .
പ്രായം, മതം വളർന്നുവന്ന സാഹചര്യങ്ങൾ ,സാമ്പത്തിക അവസ്ഥകൾ ,ജൻഡർ എന്നിവയെപറ്റി ഓർത്ത് ഞാൻ വല്ലാതെ വാചാലയായി .എന്തോ എന്നെ വിവാഹം ചെയ്യുമ്പോൾ ജാഷിമിന്റെ സോഷ്യൽ സ്പേസ് നഷ്ടപ്പെട്ട് പോകുമോ എന്നു ഞാൻ ഭയപ്പെട്ടു .അദ്ദേഹം പറഞ്ഞു ,ഞാൻ മല്ലികയെ വിവാഹം കഴിക്കുന്നത് മതം മാറ്റുവാനോ “എനിക്ക് മതം മാറുവാനോ അല്ല .ഞാൻ സ്നേഹിച്ചത് മല്ലികയുടെ വ്യക്തിത്വത്തെയാണ് “. പ്രതികൂല സാഹചര്യങ്ങളിലൂടെ സ്വന്തം വഴികൾ തന്നെ വെട്ടി നടന്നതുകൊണ്ടുതന്നെ ഈ ഒരു ബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചു ഞാൻ ഏറെ അദ്ദേഹത്തെ മനസിലാക്കി .പുഴയിൽ കടൽ ചിറകടിക്കുന്ന നിർവൃതിപോലെ ജാഷിമെന്നിലേക്ക് നിറയുന്നത് ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു . സത്യമാണ് ഞാൻ വസന്തസേനൻ എന്നു പേരുള്ള ഒരാളെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു .ജീവിതത്തിലേക്ക് ഒരാൾ വന്നില്ല എങ്കിൽ ,ജനറൽ നഴ്സിങ് കോഴ്സ് പാസായി ,അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി അവിടത്തെ പൗരത്വം സ്വീകരിച്ചു അവിടെ ഒരു സാധാരണ ജീവിതം നയിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു .ആയിടെയാണ് ഞാനും ജാഷിമും തമ്മിലുള്ള സൗഹൃദം പ്രണയമായി പൂക്കുന്നത് .എന്നെ വീട്ടിൽ വന്നു വനിതാ പൊലീസ് സ്റ്റേഷനിലെ ജോലിക്ക് കൊണ്ടുപോകുമായിരുന്നു .തിരിച്ചു അവിടെ നിന്ന് വീട്ടിലേക്കും കൊണ്ടുപോകുമായിരുന്നു .ചിലപ്പോൾ കാപ്പി കുടിക്കാൻ പൂങ്കുന്നത്തെ പുതിയതായി ആരംഭിച്ച കഫെയിൽ പോകും ചിലപ്പോൾ ഇതുവരെ സിനിമ കാണാത്ത എന്നെകൊണ്ടുപോയി സിനിമ കാണിക്കും. ആനവണ്ടിയിൽ നിന്നും ഞങ്ങളുടെ യാത്രകൾ ഇരുചക്ര വാഹനത്തിലേക്കായി .വർഷങ്ങൾക്കു മുമ്പേ വേണ്ടെന്ന് വെച്ച ട്രെയിൻ യാത്രകൾ പുനരാരംഭിച്ചു. സമൂഹവും കുടംബവും മത്സരിച്ചുനൽകിയ മുറിവുകൾ പക്ഷെ പിന്നെ പിന്നെ എന്നെ വേദനിപ്പിക്കാതെയായി .എന്നാൽ എന്റെ സഹപ്രവർത്തകരിൽ ആരോ ഒരാൾക്ക് ഞങ്ങളുടെ ബന്ധം എന്തോ അത്ര ദഹിച്ചില്ല .ഞങ്ങളുടെ സംഗമങ്ങൾ എല്ലാം നിറം ചേർത്തവർ ജാഷിമിന്റെ വീട്ടിലേക്ക് എത്തിച്ചു .പലകുറിയായപ്പോൾ കുടുംബം ജാഷിമിനെ വിലക്കി .ഞാൻ ഒരു ഹിജഡയാണെന്നും ജാഷിമിനെ ഞാൻ പ്രേഷറൈസ് ചെയ്ത് എന്റെ കൂടെ നിർത്തിയിരിക്കുകയാണെന്നും എന്റെ ശാരീരികമായ ആവശ്യങ്ങൾക്ക് വേണ്ടിയും സാമ്പത്തികമായ ലാഭത്തിനും വേണ്ടിയാണ് എന്നും അവരോട് ആരെക്കെയോ പറഞ്ഞു പഠിപ്പിച്ചു . ഇങ്ങനെയൊക്കെ വീട്ടുകാർ പറയുന്നുവെന്ന് ജാഷിം എന്നെ അറിയിച്ചപ്പോൾ എങ്കിൽ പിന്നെ ഉമ്മയും കുടുംബവും പറയുന്നപോലെ ജീവിക്കൂ എന്ന് ഞാൻ പലകുറി പറഞ്ഞുനോക്കി .പക്ഷെ ജാഷിം എന്നിലേക്ക് നിറയുകയായിരുന്നു .
രണ്ടുവർഷം കഴിഞ്ഞു ഞാൻ മല്ലികയെ വിവാഹം കഴിക്കും എന്ന് പറഞ്ഞു പ്രിയൻ എന്നെ മാറോട് ചേർത്ത് നിർത്തി പൊട്ടിക്കരയുകയായിരുന്നു .പലരും ചോദിച്ചിട്ടും ഞങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോപോലും ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല .അദ്ദേഹത്തിന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ ഞാൻ നിമിത്തം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു .സ്വന്തം ജീവിതം തീരുമാനിച്ചു തിരഞ്ഞെടുത്തതിന് കുടുംബവും സമൂഹവും ഏൽപ്പിച്ച മാരക മുറിവുകൾ ഇതുവരെ ഉണങ്ങാത്ത ഒരു വ്യക്തിയാണ് ഞാൻ .പിന്നെ പിന്നെ ഞങ്ങളുടെ സംഗമങ്ങൾ വിരളമാകാൻ ഞാൻ ശ്രമിച്ചു .കാണാതെ ഇരുന്നു പലപ്പോഴും ….പക്ഷെ കാണാതെ ഇരിക്കാൻ വയ്യാതെയായി .അപ്പോഴും എന്റെ കവിതകൾ പല പ്രസിദ്ധീകരണങ്ങളിലും മലയാളികൾ ആഘോഷിക്കുന്നുണ്ടായിരുന്നു .അങ്ങനെ ആൺനദിയുടെ പ്രകാശനമായി .അന്നുണ്ടായതൊക്കെ ജാഷിം എഴുതിരുന്നല്ലോ .എഴുതിയതിലും ഭീകരമായി ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് .പക്ഷെ ഞങ്ങൾ അതൊക്കെ പൊറുക്കുന്നു .
ചിലതുകൂടി ഓർമിപ്പിക്കാനുണ്ട് .
ഞങ്ങൾക്ക് ഞങ്ങളുടെ ചിറകിൽ നല്ല വിശ്വാസമുണ്ട് .ജോലി ചെയ്തും അധ്വാനിച്ചുമേ ജീവിക്കൂ എന്നും തീരുമാനിച്ചുറപ്പിച്ചവരാണ് .
വർഗീയവാദികളോട് പറയട്ടെ-,ഞങ്ങൾ മതം മാറുന്നില്ല .ഒരു മതത്തെയും നിന്ദിക്കുന്നുമില്ല .എല്ലാവരോടും ഞങ്ങൾക്ക് സ്നേഹംമാത്രം
ഇത് വിവാഹം വരെ കൊണ്ടെത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. ഇടയ്ക്ക് ബാംഗ്ലൂർ യുടിസിയിൽ ചേർന്ന് തിയോളജി പഠിക്കാൻ പോകാനിരുന്ന എന്നെ കല്യാണ പെണ്ണോളം ഒരുക്കി എത്തിച്ചത് ഞങ്ങളുടെ ജീവിതത്തിലേക്ക് മണ്ണ് വാരി എറിഞ്ഞവർതന്നെയാണ് .അവരോട് ഹൃദയം നിറഞ്ഞ നന്ദി.
ആരെക്കെയോ ഫോൺ വിളിക്കുന്നുണ്ട്, ഐക്യദാർഢ്യം അറിയിക്കുന്നുണ്ട്. കൂടെ ഉണ്ടാകണം.എന്നെ പ്രണയിച്ചത്തിനു ജാഷിമിനെ കുറ്റപ്പെടുത്തരുത്.
ഞാൻ പ്രസവിക്കില്ല എന്നറിയുന്ന ആൾ തന്നെയാണ് ജാഷിം. ഞങ്ങൾക്കുറപ്പുണ്ട് ഞങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളർത്താനും ,പരിപാലിക്കാനും സമൂഹത്തിൽ നല്ല മനുഷ്യരായി വളർത്താനും ഈ പ്രകൃതി അവസരം നൽകുമെന്ന് .ജാഷിമോ ഞാനോ കുടുംബത്തെയോ വളർത്തി ആളാക്കിയവരെയോ മറന്നിട്ടില്ല .മറക്കാൻ ഞങ്ങൾക്ക് ആകുകയുമില്ല .ഞങ്ങളെ ചേർത്തുനിർത്തിയില്ല എങ്കിലും സാരമില്ല വെറുക്കരുത് .
നാളെ ഞങ്ങളുടെ വിവാഹ സത്കാരമാണ് .തൃശൂർ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസര കേന്ദ്രമാണ് വേദി .ചടങ്ങുകൾ ഒന്നുമില്ല .കൂടെ നിന്ന എല്ലാ സഖാക്കൾക്കും കൂട്ടുകാർക്കും നന്ദി .പരിമിതികൾ ഏറെയുണ്ട് .എത്തിച്ചേരാൻ ആകാത്തവർ നിങ്ങളുടെ ഓർമകളിൽ ഞങ്ങളെ കൂടി കൂട്ടിച്ചേർക്കണം .നിങ്ങളുടെ വസന്തസേനനും പ്രണയമല്ലികയും നിങ്ങൾക്കൊപ്പം നിങ്ങൾക്കിടയിൽത്തന്നെ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നു .
പിന്നെ ഒന്നുകൂടി -നോട്ടങ്ങൾകൊണ്ടെന്നെ തോൽപിക്കാൻ ശ്രമിച്ചവരെ …ജീവിതം നേടിയവൾ .പ്രണയിച്ച മനുഷ്യനെ സ്വന്തമാക്കിയവൾ ….
വസന്തസേനന്റെ പ്രണയരാജമല്ലിക