പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാൻസ്ജെൻഡര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. പമ്പയില്‍ വച്ചായിരുന്നു തേനി സ്വദേശിയായ ഖായലിനെ തടഞ്ഞത്. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്.
രാവിലെ ആറരയോടെയായിരുന്നു ഖായല്‍ പമ്പയില്‍ എത്തിയത്. സാരി ധരിച്ചെത്തിയ ഖായല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സാരി മാറ്റി പുരുഷ വേഷം ധരിച്ച് വീണ്ടും എത്തിയെങ്കിലും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ഖായല്‍ തിരിച്ചു പോവുകയായിരുന്നു. താന്‍ പതിനേഴ് വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ ദര്‍ശനത്തിനായി എത്താറുണ്ടെന്നും ഈ വര്‍ഷം മാത്രമാണ് തടഞ്ഞതെന്നും ഖായല്‍ പറഞ്ഞു. തെങ്ങ് വയ്ക്കുന്ന ചടങ്ങ് നടത്താനായാണ് ഖായല്‍ ഇത്തവണ വന്നത്.
പുരുഷ വേഷം ധരിച്ച് യുവതിയെ ദര്‍ശനത്തിന് കൊണ്ടു വരുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തില്‍ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പ്രതിഷേധക്കാരുടെ എണ്ണം കൂടി. പ്രതിഷേധം കനത്തതോടെ ഖായല്‍ തിരിച്ചു പോവാന്‍ തീരുമാനിക്കുകയായിരുന്നു.
ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതിയും ദര്‍ശനം പൂര്‍ത്തിയാക്കാതെ തിരിച്ചിറങ്ങിയിരുന്നു. മരക്കൂട്ടം വരെ എത്തിയതിന് ശേഷം ശ്രീലങ്കൻ സ്വദേശിയായ ശശികല മടങ്ങുകയായിരുന്നു. ഭര്‍ത്താവിനും കുട്ടിക്കുമൊപ്പമായിരുന്നു ശശികല എത്തിയത്.
കനത്ത പൊലീസ് സുരക്ഷയില്‍ ആയിരുന്നു ശശികലയെ തിരിച്ചയത്. താനൊരു ഭക്തയാണെന്നും അയ്യപ്പനെ കാണാനുള്ള അവകാശം തനിക്കുണ്ടെന്നും എന്നാല്‍ പൊലീസ് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നും ശശികല പറഞ്ഞു.