തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷം മാറിവന്ന ആളെന്നാരോപിച്ച് ട്രാൻസ്ജെൻഡറിന് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മീഷണറിന്‍റെ ഉത്തരവില്‍ വലിയതുറ പൊലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയതുറയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിനി ആണെങ്കിലും നാഗർകോവിലിൽ ഏറെ നാളുകളായി താമസിച്ചു വന്നിരുന്ന ചന്ദനയ്ക്കാണ് ആള്‍കൂട്ടത്തിന്‍റെ മര്‍ദ്ദനം ഇട്ടത്. സംഭവത്തിന് രണ്ടു ദിവസം മുൻപാണ് തിരുവനന്തപുരത്തു തിരിച്ചെത്തുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്.

മുപ്പതോളം വരുന്ന ആള്‍കൂട്ടം ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. അതിലെ നമ്പറുകളിലേക്ക് വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചിലര്‍ അവരെ അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. നാട്ടുകാരില്‍ ചിലര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സംഭവം അറിഞ്ഞു വലിയതുറ പൊലീസ് എത്തുമ്പോഴേക്കും ട്രാന്‍സ്ജന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനമേറ്റിരുന്നു.

പൊലീസ് ഇടപെട്ട് ഇവരെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഐഡികാർഡ് ഇല്ലെന്ന് ആരോപിച്ച് ആൾക്കൂട്ടം ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ രണ്ടു പൊലീസുകാരെയും മർദ്ദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.