അച്ഛനും അമ്മയും ഇല്ലാത്ത  ഒരു യുവാവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെഴുതിയ കണ്ണുനനയിക്കുന്ന  ഫെയ്‌സ് ബുക്ക് പോസ്റ്റ് സാമൂഹിക യാഥാർത്ഥ്യങ്ങളിലേയ്ക്കു കണ്ണുതുറപ്പിക്കുന്നു. അറുപത് വർഷം പിന്നിടുന്ന കേരളത്തിന്റെ  ആഘോഷിക്കപ്പെടുന്ന  സാമൂഹിക വികസനത്തിന്റെ പരിമിതകളെയാണ്  ഹൃദയസ്പർശിയായി മലയാള മനോരമ പത്രത്തിലെ കൊച്ചി യൂണിറ്റിലെ  എസ്. ഹരികൃഷ്ണൻ എഴുതിയിരിക്കുന്നത്. കണ്ണ് നിറയാതെ ഈ പോസ്റ്റ് വായിച്ച് അവസാനിപ്പിക്കാനാവില്ലെന്ന് പോസ്റ്റിനെ താഴെ കമന്റ് ചെയ്തവരുടെ അഭിപ്രായങ്ങളും ഉറപ്പിക്കുന്നു.

എസ് ഹരികൃഷ്ണൻ: ഫൊട്ടോ: വിനയ തേജസ്വി, ഫെയ്‌സ് ബുക്ക്

മാധ്യമ രംഗത്തെന്ന പോലെ സോഷ്യൽ മീഡിയയിലും  സജീവ സാന്നിദ്ധ്യമായ  ഹരികൃഷ്ണൻ ഇരുപത്തിയഞ്ച് വർഷമായി  മലയാള മനോരമയിൽ മാധ്യമപ്രവർത്തകനാണ് . ജേണലിസംഅധ്യപകൻ കൂടിയായ ഹരി. അടുത്തകാലം വരെ കാക്കനാട് മീഡിയ അക്കാദമി (പ്രസ് അക്കാദമി) അധ്യാപകനായിരുന്നു.
ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ സൂപ്പർ മാർക്കറ്റിൽ പണിയെടുക്കുന്നവരോട് പെരുമാറിയ രീതിയും അതിനോടുളള ഹരികൃഷ്ണന്റെ പ്രതികരണവും അതിനു ശേഷം സംഭവിച്ച കാര്യങ്ങളുമാണ് ഹരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മക്കളില്ലാത്ത അപ്പനും അപ്പനില്ലാത്ത മക്കളും എന്ന തലക്കെട്ട് ഇട്ട് എഴുതിയ ആ​ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം:

മക്കളില്ലാത്ത അപ്പനും
അപ്പനില്ലാത്ത മകനും

സിറ്റിയിലെ സൂപ്പർ മാർക്കറ്റിൽ വച്ചാണ് ഞാൻ ബിനുവിനെ (തൽക്കാലം അങ്ങനെ വിളിക്കാം) പരിചയപ്പെടുന്നത്. അവിടേക്ക് എന്തൊ സാധനം കൊണ്ടുവന്ന ഡെലിവറി ബോയ് ആയിരുന്നു അവൻ. കഷ്ടിച്ച് 20-22 വയസ്സ് തോന്നും.

സ്റ്റോറിൽ എന്തോ പരസ്പരം സംസാരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരനോടും മധ്യവയസു പിന്നിട്ട ഹൗസ് കീപ്പിങ് ജീവനക്കാരിയോടും “എന്തൊന്നാ ഇത്ര സൊള്ളാൻ ” എന്ന അവന്റെ ഉച്ചത്തിലുള്ള ചോദ്യമാണ് ഞാൻ കക്ഷിയെ ശ്രദ്ധിക്കാൻ കാരണം. അവൻ പിന്നെയും പലതും പറഞ്ഞ് അവരെ ആക്ഷേപിച്ചു. അവർ രണ്ടാളും സ്തംഭിച്ച് നിൽപ്പാണ്. ചില ജീവനക്കാരികൾ അവന്റെ ഹീനമായ വാക്കുകൾ കേട്ട് ചിരിക്കുന്നുണ്ട്. പലരും അവിടെ നിന്നു മാറിയിട്ടും വർധിത വീര്യത്തോടെ അവൻ ആക്ഷേപം തുടർന്നു.

ഒടുവിൽ സഹികെട്ട് ഞാൻ ഒച്ചയെടുത്തു: “നിർത്ത്” അവനൊന്നു പകച്ച് നോക്കി. “മോനെ നിന്റെ അച്ഛനും അമ്മയുമാകാൻ പ്രായമില്ലേ ഇവർക്ക്? എന്നിട്ടാണോ ഇങ്ങനെ ആക്ഷേപിക്കുന്നത്. ഇത് മോശമല്ലേ? ” ചോദിക്കാതെ തരമില്ലായിരുന്നു.

അവൻ വിളറി. അവനീ വുത്തി കേടേ എപ്പോഴും പറയൂ സാറെ എന്ന് സ്ത്രീയും പറഞ്ഞു. “ഓ എല്ലാരോടും സോറി, മാപ്പാക്കണം” എന്ന് ഉച്ചത്തിൽ പറഞ്ഞ് ബിനു പുറത്തേക്ക് പോയി. ഞാൻ സാധനങ്ങൾ എടുക്കാനും.

ബില്ലു കൊടുത്ത് പുറത്തിറങ്ങിയപ്പോൾ അവൻ മുൻപിൽ. തല്ലാൻ നിൽക്കുകയാണോ എന്നു ഭയന്നു. അടുത്തുവന്ന് വീണ്ടും സോറി പറഞ്ഞു.

” സാറു പറഞ്ഞപ്പോഴാ ഞാനെന്റെ വർത്തമാനത്തിന്റെ കാര്യം ആലോചിച്ചത്. എന്തു വൃത്തികേടാണല്ലേ?”

സാരമില്ല, ഞാൻ സമാധാനിപ്പിച്ചു.

” ആ ചേട്ടനും ചേച്ചിക്കും എന്റെ അപ്പന്റെയും അമ്മയുടെയും പ്രായം കാണുമാരിക്കും. അല്ലേ സർ? ” ഞാനൊന്നു മൂളി.

“എനിക്കു പിന്നെ അപ്പനും അമ്മയും ഒന്നുമില്ലാത്തതു കൊണ്ട് അവരോടൊക്കെ എങ്ങനാ കാര്യം പറയേണ്ടത് എന്നു പോലും അറിയില്ല സാറെ.” വലിയൊരു പാറക്കല്ല് തലയിൽ വീണതുപോലെ എന്റെ ദേഹമാസകലം വിങ്ങി. എന്റെ തല താഴ്ന്നു പോയി.

“ഞാൻ പണ്ടേ ഇങ്ങനൊക്കെ പറയും. കൊറേപ്പേര് തിരിച്ച് തെറി വിളിക്കും. ഞാനും വിളിക്കും. ചെലര് ചിരിക്കും. വേറെ കുറച്ചാള് മൈൻഡ് ചെയ്യാതെ പോകും. ചിലപ്പോ അടിയും വീഴും. പക്ഷേ, ചെയ്തത് തെറ്റാണെന്ന് എന്നോട് ഇതാദ്യമാ ഒരാൾ പറയുന്നത്. നന്ദിയുണ്ട്. ഇങ്ങനെ ആരേലുമൊക്കെ എന്തേലും പറഞ്ഞു തന്നിരുന്നെങ്കിൽ ഞാനിത്രേം അലമ്പാകത്തില്ലാരുന്നു സാറെ.” ഞാനവന്റെ തോളിൽ വെറുതേ തട്ടി. എനിക്ക് വല്ലാത്ത സങ്കടം തോന്നി.

“ഞാൻ മറക്കില്ല സാർ, എന്നും ഓർക്കും. ഒരപ്പന്റെ സ്ഥാനത്ത് തന്നെ കരുതി ഓർക്കും.” അത്രയും പറഞ്ഞ് അവൻ നഗരത്തിരക്കിൽ അപ്രത്യക്ഷനായി. ഞാനാ സ്റ്റോറിനു മുന്നിൽ കുറേ നേരം അന്തം വിട്ടുനിന്നു. തിരികെ വണ്ടിയോടിക്കുമ്പോൾ എന്റെ കാഴ്ച മങ്ങിയിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.