പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റം. പകരം പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുറഹ്മാന് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകി.
പ്രഭുദാസ് സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന് പിറകെയാണ് സ്ഥലംമാറ്റ നടപടി. എന്നാൽ ഭരണ സൗകര്യാർത്ഥമാണ് നടപടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് അടുത്തിടെ വിമർശനമുന്നയിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ആശുപത്രി സന്ദർശനത്തിന് പിറകെയായിരുന്നു പരാമർശം.
വീണ ജോർജിന്റെ അട്ടപ്പാടി സന്ദർശന സമയത്ത് നോഡൽ ഓഫീറായ തന്നെ ബോധപൂർവം മാറ്റി നിർത്തിയിരുന്നെന്നും പ്രഭുദാസ് പറഞ്ഞിരുന്നു. ആശുപത്രി ബോർഡിലെ പല അംഗങ്ങളും കൈക്കൂലി വാങ്ങുന്നത് തടയാൻ താൻ ശ്രമിച്ചെന്നും അതിന് ശേഷം തനിക്കെതിരെ പ്രതികാര നടപടികളുണ്ടായെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു.
Also Read: ‘ചാൻസലർ പദവിയിൽ നിന്ന് എന്നെ ഒഴിവാക്കൂ;’ അതൃപ്തി അറിയിച്ച് ഗവർണറുടെ കത്ത്