തിരുവനന്തപുരം: ട്രാന്‍സ് വ്യക്തി അനീറ കബീർ പൊതു വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയെ സന്ദർശിച്ച് നിവേദനം നൽകി. അനീറയ്ക്കു സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കിയതായി മന്ത്രി അറിയിച്ചു. മന്ത്രി നിര്‍ദേശിച്ചത് അനുസരിച്ചാണ് അനീറ തിരുവനന്തപുരത്തെത്തി നിവേദനം നല്‍കിയത്.
ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്നു കാണിച്ച് ദയാവധത്തിന് അപേക്ഷ നല്കാന് അഭിഭാഷകനെ ആവശ്യപ്പെട്ട് അനീറ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അനീറയെ ഇന്നലെ ഫോണില്‍ വിളിച്ചു സംസാരിച്ച മന്ത്രി വിഷമതകൾ സംബന്ധിച്ച് നിവേദനം നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
അനീറ കബീറിന്റെ വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയില്‍ തുടരാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.
Also Read: ജോലി തിരികെ ലഭിക്കും; ട്രാൻസ് വനിത അനീറയുമായി ഫോണിൽ സംസാരിച്ച് മന്ത്രി
പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളിലെ താത്കാലിക അധ്യാപക ജോലി നഷ്ടമായെന്ന് അനീറ ഇന്നലെ മന്ത്രിയോട് ഫോണില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണില്‍ സംസാരിക്കുകയും അനീറയ്ക്ക് നിലവിലുള്ള സ്കൂളില്‍ ജോലിയില്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്ന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിതയെന്ന നിലയ്ക്കു തന്നെ അനുവദിക്കുന്നില്ലെന്നും സഹോദരന് ദിവസങ്ങള്‍ക്കു മുമ്പ് അപകടത്തെത്തുടര്‍ന്ന് മരിച്ചെന്നും ആ കുടുംബത്തെ കൂടി സംരക്ഷിക്കേണ്ട ചുമതല തനിക്കു വന്നുചേര്‍ന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞിരുന്നു.
അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വിഷമതകള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്കാന് മന്ത്രി നിര്‍ദേശിച്ചത്.