തിരുവനന്തപുരം: ട്രാന്‍സ്‌ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനുമുള്ള അവസരം സാമൂഹ്യനീതി വകുപ്പ് ഒരുക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന മന്ത്രി കെ.കെ.ശൈലജ. ഇവര്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രാന്‍സ്‌ വ്യക്തികള്‍ക്ക് അനുയോജ്യമായ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനും മറ്റ് നൂതന പദ്ധതികള്‍ തുടങ്ങുന്നതിനുമായാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമായി സംഘടിപ്പിച്ച സംരഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രാന്‍സ്‌ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് സംരഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവരെപ്പോലെ ഇവര്‍ക്കും തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ചുറ്റുപാടൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നതിന് ഉത്തരവായിരുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ വിദ്യാര്‍ത്ഥികള്‍ക്ക് 2 അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് പഠിക്കാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട 90 ട്രാന്‍സ്‌ വ്യക്തികള്‍ക്ക് സമൂഹ്യനീതി വകുപ്പ് ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സി-സ്‌റ്റെഡ് (സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) മുഖേന മൂന്നു റീജിയണുകളിലായാണ് പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 ട്രാന്‍സ്‌ വ്യക്തികള്‍ക്കാണ് തിരുവനന്തപുരം മേഖലയില്‍ പരിശീലനം നല്‍കുന്നത്. സംരംഭകത്വ മേഖലയുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകളും, ചര്‍ച്ചകളും ഉണ്ടാകും. പരിശീലനം പൂര്‍ത്തീകരിക്കുന്നതോടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ പദ്ധതി തയ്യാറാക്കുന്ന രീതിയിലാണ് പരിശീലനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook