തൃശൂർ: തൃശൂരിനു സമീപം പുതുക്കാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെ ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ പൂർണമായും നീക്കി. തകർന്ന ട്രാക്കും ശരിയാക്കി. തുടർന്ന് ട്രയൽ റൺ നടത്തിയ ശേഷമാണ് പാളത്തിലൂടെ വീണ്ടും ഗതാഗതം ആരംഭിച്ചത്. ആദ്യം കടന്നു പോകുന്ന കുറച്ചു ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലായിരുന്നു രാവിലെ വരെ ഗതാഗതം.
അപകടത്തെ തുടർന്ന് ഇന്നത്തെ തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ – എറണാകുളം മെമു, കോട്ടയം – നിലന്പൂർ എക്സ്പ്രസ്, എറണാകുളം -പലക്കാട് മെമു, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, ഗുരുവായൂർ – എറണാകുളം എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം – ആലപ്പുഴ എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.
കണ്ണൂർ – ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും, ഗുരുവായൂർ- തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും, ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് ഷൊർണൂരിൽ നിന്നും എറണാകുളം – പാലക്കാട് മെമു ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും, എറണാകുളം – ബംഗളുരു ഇന്റർസിറ്റി ഒരു മണിക്കൂർ വൈകി രാവിലെ 10.10-ന് പുറപ്പെടുകയുള്ളു. ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.
പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം തെക്കേ തുറവ് ഗേറ്റ് ഭാഗത്താണ് സംഭവം. ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ട്രെയിന്‍ ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണു പാളം തെറ്റിയത്. ട്രെയിനിൽ ചരക്ക് ഇല്ലാതിരുന്നതും പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വേഗത കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്‌തി കുറച്ചു.
Also Read: മതപരമായ ആഘോഷങ്ങളിൽ കൂടുതൽ ഇളവുകൾ; അങ്കണവാടികൾ തിങ്കളാഴ്ച മുതൽ